28 വർഷം മകനെ അപ്പാർട്ട്മെന്റിലെ മുറിയിൽ പൂട്ടിയിട്ട് അമ്മ; പല്ലുകൾ കൊഴിഞ്ഞ് അവശനായി 41കാരൻ; 70കാരി അറസ്റ്റിൽ

28 വർഷം മകനെ അപ്പാർട്ട്മെന്റിലെ മുറിയിൽ പൂട്ടിയിട്ട് അമ്മ; പല്ലുകൾ കൊഴിഞ്ഞ് അവശനായി 41കാരൻ; 70കാരി അറസ്റ്റിൽ

28 വർഷം മകനെ അപ്പാർട്ട്മെന്റിലെ മുറിയിൽ പൂട്ടിയിട്ട് അമ്മ; പല്ലുകൾ കൊഴിഞ്ഞ് അവശനായി 41കാരൻ; 70കാരി അറസ്റ്റിൽ

സ്റ്റോക്ക്‌ഹോം: സ്വന്തം മകനെ അമ്മ അപ്പാർട്ട്മെന്റിലെ മുറിയിൽ പൂട്ടിയിട്ടത് 28 വർഷത്തോളം. സ്വീഡനിലാണ് ഞെട്ടിക്കുന്ന സംഭവം. ഇപ്പോൾ 70 വയസുള്ള അമ്മയായ സ്ത്രീ ആശുപത്രിയിൽ പോയ സമയത്ത് അടുത്ത ബന്ധുവാണ് ഞായറാഴ്ച യുവാവിനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 70 വയസുള്ള സ്ത്രീ അറസ്റ്റിലായി. 

ദീർഘകാലം പുറംലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടി വന്ന യുവാവിനെ പോഷകാഹാരക്കുറവ് മൂലം പല്ലു കൊഴിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമല്ല.

സ്വന്തം അമ്മ മകന്റെ സ്വാതന്ത്ര്യം നിഷേധിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് സ്റ്റോക്‌ഹോം പൊലീസ് വക്താവ് പറഞ്ഞു. തെക്കൻ സ്റ്റോക്ക്‌ഹോമിന്റെ പ്രാന്തപ്രദേശത്തുള്ള ഹാനിങ്ങെയിലെ അപ്പാർട്ടുമെന്റിൽ യുവാവിനെ ദീർഘകാലം പൂട്ടിയിട്ടുവെന്നാണ് വിവരം. 28 വർഷം യുവാവ് ബന്ധനത്തിൽ കഴിഞ്ഞുവെന്ന മാധ്യമ റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ പൊലീസ് വക്താവ് തയ്യാറായിട്ടില്ല. എന്നാൽ ആരോപണങ്ങളെല്ലാം യുവാവിന്റെ അമ്മ നിഷേധിച്ചുവെന്നാണ് സ്വീഡിഷ് പ്രോസിക്യൂഷൻ അതോറിറ്റി പറയുന്നത്. 

12 വയസുള്ളപ്പോൾ മുതൽ സ്വന്തം മകനെ സ്‌കൂളിൽ അയയ്ക്കാതെ അമ്മ പൂട്ടിയിട്ടുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇപ്പോൾ ഇയാൾക്ക് 41 വയസുണ്ട്. കാലിൽ മുഴുവൻ വ്രണങ്ങളുള്ള യുവാവ് വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. പല്ലുകളെല്ലാം കൊഴിഞ്ഞു പോയി. സംസാര ശേഷി വളരെ കുറവാണ്. 

വർഷങ്ങളായി വൃത്തിയാക്കാത്ത നിലയിലായിരുന്നു യുവാവിനെ പൂട്ടിയിട്ട അപ്പാർട്ടുമെന്റെന്ന് അദ്ദേഹത്തെ കണ്ടെത്തിയ ബന്ധു പറഞ്ഞു. പൊടിയും അഴുക്കും നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മുറി. യുവാവിനെക്കണ്ട് ഹൃദയം തകർന്നുപോയെന്ന് ബന്ധു പറയുന്നു. ഇയാളുടെ അമ്മ ഒരു ക്രൂരയാണെന്ന് അറിയാമായിരുന്നുവെങ്കിലും ഇത്രത്തോളം അവർ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. തന്റെ ബന്ധു ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്നതിൽ സന്തോഷമുണ്ടെന്നും യുവാവിനെ കണ്ടെത്തിയ ബന്ധു മാധ്യമങ്ങളോട് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com