നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശ; വീണ്ടും രാഷ്ട്രീയ പ്രതിസന്ധി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക്

അടിയന്തരമായി വിളിച്ചു ചേര്‍ത്ത ക്യാബിനറ്റ് മീറ്റിങിന് ശേഷമാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ശുപാര്‍ശ ചെയ്തത്
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി/ പിടിഐ
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി/ പിടിഐ

കഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തു.അടിയന്തരമായി വിളിച്ചു ചേര്‍ത്ത ക്യാബിനറ്റ് മീറ്റിങിന് ശേഷമാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ശുപാര്‍ശ ചെയ്തത്. 

ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ക്ക് പിന്നാലെയാണ് ഒലിയുടെ തീരുമാനം. ഒലിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹല്‍ രംഗത്തുവന്നിരുന്നു. 2017ലാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയത്. 

രാഷ്ട്രപതി ഭവനില്‍ നേരിട്ടെത്തിയാണ് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ശുപാര്‍ശ ഒലി നല്‍കിയത്. അതേസമയം, ഒലിയുടെ നടപടിക്ക് എതിരെ പാര്‍ട്ടിയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നടപടി ഭരണഘടനാവിരുദ്ധവും ഏകാധിപത്യപരവുമാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മാധാവ് കുമാര്‍ നേപ്പാള്‍ പറഞ്ഞു. ഭരണഘടന വ്യവസ്ഥ അനുസരിച്ച് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ഇല്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

നേപ്പാളിലെ പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്ന സിപിഎന്‍ യുഎംഎലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും ലയിച്ചാണ് എന്‍സിപി രൂപീകരിച്ചത്. തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും തുടക്കംമുതല്‍ ഇരു വിഭാഗങ്ങാളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഒലിയുടെ നടപടിക്ക് പിന്നാലെ പാര്‍ട്ടി പിളര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com