കോറോണ പടരുന്നു; ശവസംസ്‌കാര ചടങ്ങുകള്‍ നിരോധിച്ച് ചൈന

മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നതോടെയാണ് കടുത്ത നടപടി സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറായത്
കോറോണ പടരുന്നു; ശവസംസ്‌കാര ചടങ്ങുകള്‍ നിരോധിച്ച് ചൈന

ബീജിങ്: കോറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ചൈന. ദേശീയ ആരോഗ്യ കമ്മീഷനാണ് പൊതുജനങ്ങള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്. ഇതുവരെ രാജ്യത്ത് 304 പേര്‍ മരിച്ചതായാണ് കണക്കുകള്‍. 15,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മരിക്കുന്നവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കല്‍ തുടങ്ങിയ ചടങ്ങുകളില്‍ ആര്‍ക്കും പ്രവേശനം ഉണ്ടാകില്ല.

മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നതോടെയാണ് കടുത്ത നടപടി സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറായത്. പരമ്പരാഗത മരണാന്തര ചടങ്ങുകള്‍ ഉണ്ടാകില്ല. മൃതദേഹം അണുവിമുക്തമാക്കിയ ശേഷം മെഡിക്കല്‍ അധികൃതര്‍ സീല്‍ വെച്ച പെട്ടിയില്‍ അടക്കും. അതിന് ശേഷം പെട്ടി തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ മാത്രമെ മൃതദേഹം സംസ്്കരിക്കാന്‍ കഴിയുകയുള്ളു. അതിനായി അധികൃതര്‍ തന്നെ പ്രത്യേക വാഹനം ഒരുക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 

ചൈനയ്ക്കു പുറത്ത് കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പീന്‍സിലാണ് വൈറസ് ബാധിച്ച ചൈനീസ് പൗരന്‍ മരിച്ചത്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് കാരണം ഇതാദ്യമായാണു രാജ്യത്തിനു പുറത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് വ്യക്തമാക്കി. ചൈനയിലെ വുഹാന്‍ സ്വദേശിയാണ് മരിച്ചത്. ഇയാള്‍ ഉള്‍പ്പെടെ 2 പേര്‍ക്ക് ഫിലിപ്പീന്‍സില്‍ കൊറോണ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ജനുവരി 25ന് ന്യൂമോണിയ രോഗം ബാധിച്ചാണ് ഇയാളെ മനിലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈനീസ് പൗരത്വമുള്ള സ്ത്രീക്കൊപ്പമാണ് മരിച്ചയാള്‍ ഫിലിപ്പീന്‍സിലെത്തിയത്. ഈ സ്ത്രീയിലാണ് ഫിലിപ്പീന്‍സില്‍ ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ഇന്ത്യ, യുഎസ്, റഷ്യ, യുകെ ഉള്‍പ്പെടെ 25 രാജ്യങ്ങളിലുള്ളവര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചൈനയ്ക്കു പുറത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. ഇക്കാര്യം ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com