കൊറോണ ഇനി 'എന്‍സിപി'; പുതിയ പേരിട്ട് ചൈന

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട് ലോകത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയ്ക്ക് താല്‍ക്കാലിക പേരു നല്‍കി ചൈന
കൊറോണ ഇനി 'എന്‍സിപി'; പുതിയ പേരിട്ട് ചൈന

ബീജിംഗ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട് ലോകത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയ്ക്ക് താല്‍ക്കാലിക പേരു നല്‍കി ചൈന. രോഗബാധയ്ക്ക് നോവല്‍ കൊറോണ വൈറസ് ന്യൂമോണിയ എന്ന പേരാണ്  ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ പ്രഖ്യാപിച്ചത്.

അണുബാധയ്ക്ക് സ്ഥിരം പേര് കണ്ടെത്തുന്നത് വരെ സര്‍ക്കാര്‍ വകുപ്പുകളും വിവിധ സ്ഥാപനങ്ങളും ഈ പേരാണ് ഇനി ഉപയോഗിക്കുക എന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈറസുകളുടെ വര്‍ഗീകരണത്തില്‍ ഏര്‍പ്പെടുന്ന രാജ്യാന്തര കമ്മിറ്റിയാണ് പുതിയ പേര് തീരുമാനിച്ചത്. ശാസ്ത്രീയ ജേണലിന് പേര് സമര്‍പ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ പേര് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കമ്മിറ്റി.

അതേസമയം രോഗബാധയില്‍ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 722 ആയി. 34546 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാനില്‍ രോഗബാധയെ തുടര്‍ന്ന് അമേരിക്കകാരന്‍ മരിച്ചു. ബിജിങിലെ യുഎസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വൈറസ് രോഗബാധയെ തുടര്‍ന്ന് വുഹാനിലെ ആശുപത്രിയില്‍ ഫെബ്രുവരി ആറ് മുതല്‍ ഇയാള്‍ ചികിത്സയിലായിരുന്നു. അറുപത് വയസ്സായിരുന്നു. രോഗത്തെ തുടര്‍ന്ന് ചൈനയില്‍ മരിക്കുന്ന ആദ്യവിദേശിയാണ് ഇദ്ദേഹം.

അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായ ദു:ഖം അറിയിക്കുന്നു. കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് കുടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും യുഎസ് എംബസി അറിയിച്ചു.

വെള്ളിയാഴ്ച മാത്രം 86 പേരാണ് മരിച്ചത്. ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും യുഎസിലെയും ഓരോ മരണം കൂടി കണക്കാക്കിയാല്‍ ആകെ മരിച്ചവരുടെ എണ്ണം 725ആയി. അതേസമയം രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനയായി പുതിയ കേസുകളുടെ എണ്ണം മുന്‍ദിവസങ്ങളെക്കാള്‍ കുറഞ്ഞു.

മറ്റ് 27 രാജ്യങ്ങളിലായി 320 രോഗബാധിതരുണ്ട്. ജപ്പാന്‍ തീരത്തെ ക്രൂസ് കപ്പലില്‍ 41 പേര്‍ക്കു കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. സാര്‍സിനു തുല്യമായ ജാഗ്രത സിംഗപ്പൂര്‍ പ്രഖ്യാപിച്ചപ്പോള്‍ ചൈനീസ് യാത്രക്കാരെ വിലക്കി തായ്‌ലന്‍ഡ് ഉത്തരവിറക്കി.

കൊറോണബാധ നിയന്ത്രിക്കാന്‍ ആവുന്നതെല്ലാം ചെയ്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വ്യക്തമാക്കി.വൈറസ് ഭീതിയില്‍ ചൈനയിലെ നഗരങ്ങള്‍ ആളൊഴിഞ്ഞ നിലയില്‍ തുടരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നു ചൈനയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതും തുടരുന്നു. ഷാങ്ഹായിയില്‍ സ്‌കൂളുടെ അവധി ഒരു മാസം കൂടി നീട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com