കൊറോണ ഇനി 'കൊവിഡ് 19'; മരണം 1113 ആയി ; ഇന്നലെ മരിച്ചത് 99 പേര്‍ ;ചൈനയില്‍ രോഗബാധിതര്‍ 45,000, ഹോങ്കോങ്ങില്‍ 50 പേര്‍ക്ക് വൈറസ് ബാധ

ചൈനയില്‍ മാത്രം 2015 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്
കൊറോണ ഇനി 'കൊവിഡ് 19'; മരണം 1113 ആയി ; ഇന്നലെ മരിച്ചത് 99 പേര്‍ ;ചൈനയില്‍ രോഗബാധിതര്‍ 45,000, ഹോങ്കോങ്ങില്‍ 50 പേര്‍ക്ക് വൈറസ് ബാധ

ബീജിങ് : കൊറോണ ബാധയില്‍ മരണനിരക്ക് ഉയരുന്നു. കൊറോണ വൈറസ്  ബാധിച്ച് മരിച്ചവരുടെ എണ്ണം 1113 ആയി. കൊറോണ വൈറസ് ബാധയെ ഇന്നലെ മാത്രം 99 പേരാണ് ചൈനയില്‍ മരിച്ചത്. മരിച്ചവരില്‍ ഏറെയും ഹ്യൂബെ പ്രവിശ്യയിലുള്ളവരാണ്. ഹ്യൂബെയില്‍ നിന്നും പുതുതായി 94 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ചൈനയില്‍ മാത്രം 2015 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കൊറോണ ആദ്യം പടര്‍ന്നുപിടിച്ച ഹ്യൂബെ പ്രവിശ്യയില്‍ 1638 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ 44, 653 പേര്‍ക്ക് കൊറോണ ബാധിച്ചതായി ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഹോങ്കോങ്ങില്‍ ഇന്നലെ 50 പേരില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചു. ജപ്പാനില്‍ പിടിച്ചുവെച്ചിട്ടുള്ള ക്രൂയിസ് കപ്പല്‍ ഡയമണ്ട് പ്രിന്‍സസില്‍ 39 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച 66 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇതോടെ കപ്പലിലെ കൊറോണ ബാധിതരുടെ എണ്ണം 136 ആയി ഉയര്‍ന്നു. കപ്പലില്‍ വിദേശരാജ്യങ്ങളിലുള്ളവര്‍ ഉള്‍പ്പെടെ 3700 പേരാണ് ഉള്ളത്.

അതിനിടെ, ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന  'കൊവിഡ് 19' (Covid-19) എന്ന് പേര് നല്‍കി. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് 'കൊവിഡ് 19'. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്‌സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.

സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുകയാണ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 3447 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് കെ കെ ശൈലജ അറിയിച്ചു. കൊറോണയുടെ ആശങ്കയൊഴിഞ്ഞ സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ നിന്ന് പലരെയും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com