കൊറോണയില്‍ മരണം 1630 ആയി ; ഇന്നലെ മാത്രം മരിച്ചത് 143പേര്‍ ; വൈറസ് ബാധ ആഫ്രിക്കയിലേക്കും

ബീജിങ്ങിലെത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു
കൊറോണയില്‍ മരണം 1630 ആയി ; ഇന്നലെ മാത്രം മരിച്ചത് 143പേര്‍ ; വൈറസ് ബാധ ആഫ്രിക്കയിലേക്കും

ബീജിങ് : കൊറോണയില്‍ മരണസംഖ്യ ഉയരുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1630 ആയി. ചൈനയില്‍ ഇന്നലെ മാത്രം മരിച്ചത് 143 പേരാണ്. ഇതില്‍ 139 പേര്‍ കൊറോണ പൊട്ടിപ്പുറപ്പെട്ട ഹ്യൂബെ പ്രവിശ്യയിലാണ്. ചൈനയില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 2641 പേര്‍ക്കാണ്. ഇതില്‍ 2000 പേരും ഹ്യൂബെ നിവാസികളാണ്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 66,492 ആയി.

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഹ്യൂബെയില്‍ മാത്രം 56 ദശലക്ഷം ജനങ്ങളാണ് വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ബീജിങ്ങിലെത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അതിനിടെ കൊറോണ വൈറസ് ആഫ്രിക്കയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഈജിപ്തില്‍ കൊറോണ സ്ഥിരീകരിച്ചു. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫെയ്‌സ്ബുക്ക് ഉച്ചകോടി മാറ്റിവെച്ചു.

ലോകത്ത് 28 ഓളം രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറമെ,ഫിലിപ്പീന്‍സ്, ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ കൊറോണ ബാധിച്ച് ഓരോരുത്തര്‍ മരിച്ചിരുന്നു. കൊറോണ ഭീതിയില്‍ ആരും തീരത്ത് അടുപ്പിക്കാതെ രണ്ടാഴ്ച കടലില്‍ അലഞ്ഞ ആഡംബരക്കപ്പലില്‍ മലയാളിയുമുണ്ട്.

കമ്പോഡിയ തീരത്ത് അടുപ്പിക്കാന്‍ അനുമതി നല്‍കിയ എം.എസ് വെസ്റ്റര്‍ഡാം കപ്പലില്‍ എക്‌സിക്യൂട്ടീവ് ഷെഫായ കോട്ടയം സ്വദേശി ബിറ്റാ കുരുവിളയാണ്  മലയാളി. കപ്പലില്‍ നിന്ന് യാത്രക്കാരെ തീരത്ത് ഇറക്കിത്തുടങ്ങി. ആയിരത്തി നാനൂറിലധികം വരുന്ന യാത്രക്കാര്‍ക്കും എണ്ണൂറിലധികം വരുന്ന ജീവനക്കാര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com