കൊറോണ വൈറസ് വ്യാപനം കുറയുന്നതായി ചൈന; മരണം 2118

ചൈനയിൽ കഴിഞ്ഞ ദിവസം 114 മരണം കൂടി റിപ്പോർട്ടു ചെയ്തു
കൊറോണ വൈറസ് വ്യാപനം കുറയുന്നതായി ചൈന; മരണം 2118

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് വ്യാഴാഴ്ച രാവിലെ വരെ മരിച്ചവരുടെ എണ്ണം 2118 ആയി. ചൈനയിൽ കഴിഞ്ഞ ദിവസം 114 മരണം കൂടി റിപ്പോർട്ടു ചെയ്തു. ഇറാനിലും ജപ്പാനിലും രണ്ട് പേർ വീതവും ദക്ഷിണ കൊറിയയിലും ഹോങ്കോങ്ങിലും ഓരോ പേർ വീതവും മരിച്ചു. പശ്ചിമേഷ്യയിൽ വൈറസ് ബാധിച്ചുള്ള ആദ്യ മരണമാണ് ഇറാനിലേത്. ഇറാനിൽ അഞ്ച് പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ലോകത്ത് ഒട്ടാകെ 74,576 പേർക്ക് ഇപ്പോൾ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേസമയം ചൈനയിൽ വൈറസ് വ്യാപനം കുറയുന്നതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ അവകാശപ്പെട്ടു. ബുധനാഴ്ച രാജ്യത്ത് 394 പേരിലാണ് പുതുതായി വൈറസ് കണ്ടെത്തിയത്. ചൊവ്വാഴ്ച അത് 1749 പേരിലായിരുന്നു. ഫെബ്രുവരിയിൽ ഒരു ദിവസം റിപ്പോർട്ടു ചെയ്യുന്ന ഏറ്റവും കുറഞ്ഞ വൈറസ് ബാധയാണിത്. പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിൽ ജനിതക പരിശോധനയിലൂടെ ഉറപ്പായ വൈറസ് ബാധ മാത്രമേ ഇപ്പോൾ അധികൃതർ കണക്കിലെടുക്കുന്നുള്ളു എന്നതും ശ്രദ്ധേയമാണ്.

ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ടു ചെയ്യുന്നത് ജപ്പാൻ യോക്കോഹാമയിൽ തടഞ്ഞിട്ട ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലും ദക്ഷിണ കൊറിയയിലുമാണ്. ജപ്പാനിൽ തടഞ്ഞിട്ട കപ്പലിൽ വൈറസ് പടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേർ ബുധനാഴ്ച മരിച്ചു. 80 വയസിന് മുകളിൽ പ്രായമുള്ള ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന 3700 പേരിൽ 634 പേരിലാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. വൈറസ് ബാധയില്ലാത്തവരെ 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷം ബുധനാഴ്ച വിട്ടയച്ചിരുന്നു. ബുധനാഴ്ച ഹോങ്കോങ്ങിലും വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം റിപ്പോർട്ടു ചെയ്തു.

ദക്ഷിണ കൊറിയയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം വ്യാഴാഴ്ചയോടെ 104 ആയിട്ടുണ്ട്. 63 വയസുള്ള ആളാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതെന്ന് അധികൃതർ പറഞ്ഞു.

കൊറിയയിൽ 40 പേർക്ക് വൈറസ് ബാധിച്ചത് തെക്കു പടിഞ്ഞാറൻ നഗരമായ ഡേഗുവിലെ ഷിൻജിയോൺജി പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ 61കാരിയിൽ നിന്നാണെന്ന് അധികൃതർ സംശയിക്കുന്നു. ദിവസങ്ങളായി പനി ഉണ്ടായിരുന്ന ഇവരോട് പരിശോധനയ്ക്ക് ഹാജരാവാൻ അധികൃതർ രണ്ട് തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവർ തയ്യാറായില്ല. പിന്നീടാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനകം നാല് തവണ അവർ പള്ളിയിൽ പ്രാർഥനാച്ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. പള്ളിയിൽ ചടങ്ങിൽ പങ്കെടുത്ത 40ലധികം പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. എന്നാൽ, ചൈനിയിൽപ്പോവാത്ത ഇവർക്ക് എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല.

ഇതേത്തുടർന്ന് ഷിൻജിയോൺജി വിഭാഗം രാജ്യത്തെ 74 പള്ളികളിലും പ്രാർഥന നിർത്തിവെച്ചു. ഓൺലൈനും യൂട്യൂബ് വീഡിയോയും ഉപയോഗിച്ച് പ്രാർഥന തുടരാൻ രണ്ട് ലക്ഷത്തോളം വരുന്ന വിശ്വാസികളോട്‌ പള്ളി അവശ്യപ്പെട്ടു.

വൈറസ് പടരുന്ന ദക്ഷിണ കൊറിയൻ നഗരമായ ഡേഗുവിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 25 ലക്ഷമാണ് നഗരത്തിലെ ജനസംഖ്യ. ഇവിടെ 82 പേർക്ക് വൈറസ് സ്ഥിരീകരിച്ചതോടെ എല്ലാവരും ഭയപ്പെട്ടിരിക്കുകയാണ്. കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങുന്നില്ല. സർക്കാർ പൊതുവിതരണ സംവിധാനങ്ങളിലൂടെയാണ് ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com