ആർത്തിരമ്പി, സർവതും ചുട്ടെരിച്ച് കാട്ടുതീ പടർന്നു പിടിക്കുന്നു; ജീവൻ കൈയിൽപ്പിടിച്ച് ഭയന്നു വിറച്ച് അവരോടി കടലിലേക്ക്

സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്
ആർത്തിരമ്പി, സർവതും ചുട്ടെരിച്ച് കാട്ടുതീ പടർന്നു പിടിക്കുന്നു; ജീവൻ കൈയിൽപ്പിടിച്ച് ഭയന്നു വിറച്ച് അവരോടി കടലിലേക്ക്

സിഡ്നി: ജനജീവിതത്തെ പുകച്ച്, ഓസ്ട്രേലിയയെ ചാമ്പലാക്കി കാട്ടുതീ പടർന്നു പിടിക്കുന്നത് തുടരുന്നു. സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിച്ചതോടെ കനത്ത പുകയും ചാരവും മൂടി ജനവാസ മേഖലകൾ താമസ യോഗ്യമല്ലാതായി.  

എല്ലാ സംസ്ഥാനങ്ങളിലും തീ പടരുന്നുണ്ടെങ്കിലും ന്യൂ സൗത്ത് വെയ്‍ൽസിലാണു കെടുതികൾ രൂക്ഷമായത്. മെൽബൽ, സിഡ്നി ഉൾപ്പെടെയുള്ള വലിയ നഗരങ്ങളും തീപിടിത്തത്തിന്റെ കെടുതികളിലാണ്. ന്യൂ സൗത്ത് വെയ്‌ൽസിൽ ഏഴ് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ആളുകളെയാണ് വിവിധ പ്രദേശങ്ങളിൽ നിന്നായി ഒഴിപ്പിച്ചത്.

ഇതുവരെ 18 പേർ മരിച്ചതായാണു കണക്ക്. 1200ലേറെ വീടുകൾ നശിച്ചു. ഏകദേശം 5.5 ദശലക്ഷം ഹെക്ടർ പ്രദേശമാണു തീ നക്കിത്തുടച്ചത്. വിക്ടോറിയ ആൻഡ് ന്യൂ സൗത്ത് വെയ്ൽസിൽ 17 പേരെയെങ്കിലും കാണാതായെന്നു അധികൃതർ പറഞ്ഞു. വിക്ടോറിയ ആൻഡ് ന്യൂ സൗത്ത് വെയ്ൽസിന്റെ തെക്കൻ തീരത്ത് പ്രദേശത്തെ ഏറ്റവും വലിയ ഒഴിപ്പിക്കലാണു നടക്കുന്നത്. സിഡ്നിയിലേക്കും കാൻബറയിലേക്കും പോകുന്നവരുടെ കാറുകളുടെ തിരക്കു കാരണം ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കാണ്.

അഗ്നിബാധ തുടരുന്നതും മരങ്ങൾ വീണതും മറ്റ് അപകടങ്ങളും കാരണം നിരവധി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. കാട്ടുതീയുടെ ഭാഗമായി ശനിയാഴ്ച കൊടുംചൂടുള്ള ‘ഹീറ്റ്‌വേവ്’ സാധ്യതയുള്ളതിനാൽ 48 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന് ആയിരക്കണക്കിനു സഞ്ചാരികൾക്ക് ഓസ്ട്രേലിയ നിർദേശം നൽകി.

പ്രശസ്ത ടൂറിസം കേന്ദ്രമായ ബെറ്റ്മാൻസ് ബേയിലെ 200 കിലോമീറ്റർ തീരം വിനോദസഞ്ചാര രഹിത പ്രദേശം ആയി വിക്ടോറിയ ആൻഡ് ന്യൂ സൗത്ത് വെയ്ൽസ് റൂറൽ ഫയർ സർവീസ് പ്രഖ്യാപിച്ചു. ശനിയാഴ്ചയ്ക്കു മുൻപ് സ്ഥലത്തു നിന്നു മടങ്ങണമെന്നു സന്ദർശകരോട് ആവശ്യപ്പെട്ടു. ഇവിടെ 40 ഡിഗ്രി ചൂടുള്ള കനത്ത കാറ്റ് ശനിയാഴ്ച ഉണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം. വൈദ്യുതിയോ വെള്ളമോ ആശയവിനിമയ സംവിധാനമോ ഇല്ലാതെ സഞ്ചാരികളും സ്വദേശികളും ഉൾപ്പെടെ നിരവധി പേർ രണ്ട് ദിവസമാണു കഴിച്ചുകൂട്ടിയത്.

പ്രദേശത്തെ ഏറ്റവും വലിയ ഒഴിപ്പിക്കലാണു നടക്കുന്നതെന്ന് വിക്ടോറിയ ആൻഡ് ന്യൂ സൗത്ത് വെയ്ൽസ് ഗതാഗത മന്ത്രി ആൻഡ്രൂ കോൺസ്റ്റൻസ് പറഞ്ഞു. അടുത്ത ദുരന്തം വരുന്നതിനു മുൻപ് രക്ഷപ്പെടാനുള്ള തീവ്ര ശ്രമത്തിലാണു നാട്ടുകാർ. അഗ്നിശമന സേനാംഗങ്ങൾക്കു തീ അണയ്ക്കാനോ നിയന്ത്രിക്കാനോ സാധിക്കുന്നില്ലെന്നു അധിക‌ൃതർ പറഞ്ഞു. വലിയ തോതില്‍ തീ പടര്‍ന്നുവെന്നാണ്‌ അറിയുന്നത്. അതു കെടുത്താനുള്ള സംവിധാനം കൈയിലില്ലെന്നും അധികൃതർ വ്യക്തമാക്കി.

വീടുകളിൽ പെട്ടുപോയ പലരും ആഹാരവും വാഹനങ്ങൾക്ക് ഇന്ധനവും കിട്ടാതെ പ്രയാസത്തിലാണെന്നും റിപ്പോർട്ടുണ്ട്. വിക്ടോറിയയിലെ ജെനോവ പോലുള്ള പ്രദേശങ്ങളിലേക്ക് എത്താൻ കഴിയുന്നില്ലെന്ന് അധികൃതരും സമ്മതിക്കുന്നു. സഹായം നൽകാനും നാശനഷ്ടത്തിന്റെ കണക്കെടുക്കാനും തീരത്തോടു ചേർന്ന് നേവി കപ്പലുകളും സൈനിക വിമാനങ്ങളും തമ്പടിച്ചിട്ടുണ്ട്. കാട്ടുതീ തടയുന്നതിൽ സർക്കാർ നിഷ്ക്രിയമാണെന്നും കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള നടപടികൾ സ്വീകരിക്കണം എന്നും ചൂണ്ടിക്കാട്ടി രാജ്യത്തു പലയിടത്തും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

പുതുവർഷം ആഘോഷിക്കാൻ എത്തിയതായിരുന്നു അവർ. ഡിസംബർ 31ന് രാവിലെ എട്ടിന് വിക്ടോറിയയുടെ തെക്കുകിഴക്ക് മൂലയിലുള്ള മല്ലാകൂട്ടയിലെ നാലായിരത്തിലധികം ജനങ്ങളെ ആശങ്കയിലാക്കി മുന്നറിയിപ്പ് സൈറൻ മുഴങ്ങി. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പട്ടാപ്പകൽ പോലും ആകാശം ചുവന്ന് അഗ്നിവർണമായിരുന്നു. കനത്ത പുക മൂടി ഇരുൾ പടർന്നിരുന്നു ഗ്രാമങ്ങളിലും നഗരങ്ങളിലും. സൂര്യപ്രകാശത്തിനു പോലും ചൂഴ്ന്നു പോകാനാവാത്തത്ര ചാരവും പൊടിയും പുകയും അന്തരീക്ഷത്തിൽ നിറഞ്ഞു.

ആ വിവരണങ്ങളിൽ ആശങ്കപ്പെട്ടിരിക്കുമ്പോഴാണു നെഞ്ച് തുളച്ച് സൈറൻ മുഴങ്ങിയത്. ജീവനെ വിഴുങ്ങാനെത്തുന്ന വൻ തീയിൽനിന്നു രക്ഷപ്പെടാൻ സഞ്ചാരികൾ ഉൾപ്പെടെ ജനക്കൂട്ടത്തിനു മുന്നിൽ ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ, കടൽ! ആഞ്ഞടിക്കുന്ന തിരമാലകളെ വക വയ്ക്കാതെ, തീപൊള്ളൽ ഭയന്ന് കുറെപ്പേർ കടലിലിറങ്ങി. ബാക്കിയുള്ളവർ തീരത്തു നിലയുറപ്പിച്ചു. അപകടത്തിന്റെ തീവ്രത കുറഞ്ഞെന്നു മണിക്കൂറുകൾക്കു ശേഷം അറിയിപ്പു ലഭിച്ചപ്പോൾ മാത്രമേ തീയ്ക്കും കടലിനും നടുവിൽനിന്നു ജീവിതത്തിലേക്കു രക്ഷപ്പെടാനുള്ള വഴികൾ തെളിഞ്ഞുള്ളൂ.

പകലായിരുന്നെങ്കിലും അർധരാത്രിയിലെ രാത്രിത്തിളക്കം പോലെയായിരുന്നു അപ്പോൾ. ആർത്തിരമ്പി തീ പടരുന്നതിന്റെ ശബ്ദം ഞങ്ങൾ കേട്ടു. ജീവൻ കൈയിൽപ്പിടിച്ച് ഞങ്ങൾ ഭയന്നുവിറച്ചു– പ്രാദേശത്തെ വ്യവസായി ഡേവിഡ് ജെഫ്രി ബിബിസിയോടു പറഞ്ഞു. മല്ലാകൂട്ട മുഴുവനായും ഇരുട്ടിലായി. കുടിവെള്ള വിതരണം പോലും മുടങ്ങി. സിനിമകളിൽ കാണുന്ന പോലെ കാറുകളിലാണ് വീട്ടുകാർ കിടന്നുറങ്ങിയത്– 9ന്യൂസ് റിപ്പോർട്ടർ ജെയ്ഡെ വിൻസന്റ് ട്വീറ്റ് ചെയ്തു.

കാട്ടുതീയിൽ നിരവധി ജന്തുജാലങ്ങളാണു വെന്തു മരിച്ചത്. ഇതിനിടയിലും അസാമാന്യ ധൈര്യത്താൽ മൃഗശാലയിലെ എല്ലാ ജീവികളെയും രക്ഷിച്ച് കരുണയുടെ പര്യായമായി മോഗോ സൂവിലെ ജീവനക്കാർ. സീബ്ര, കാണ്ടാമൃഗം, ജിറാഫ് ഉൾപ്പെടെ ഇരുന്നൂറോളം മൃഗങ്ങളെയാണു തീയിൽ നിന്നു രക്ഷിച്ചത്. ജീവനക്കാരുടെ വീടുകളിലും സമീപ സ്ഥലങ്ങളിലുമെല്ലാം താത്കാലിക സൗകര്യങ്ങളുണ്ടാക്കിയാണു മൃഗങ്ങളെ മാറ്റിയത്. പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഉത്തരവ് ലഭിച്ചിട്ടും മൃഗങ്ങളില്ലാതെ ഒറ്റയ്ക്കു രക്ഷപ്പെടേണ്ടെന്നു തീരുമാനിച്ച ജീവനക്കാർക്കു കൈയടിക്കുകയാണു ലോകം.

സൂക്ഷ്മമായ പദ്ധതിയുണ്ടായിരുന്നതിനാലാണ് അപകടം ഒഴിവാക്കാനായതെന്നു മൃഗശാല ഡയറക്ടർ ചാഡ് സ്റ്റേപ്പിൾസ് പറഞ്ഞു. തീ പിടിക്കാൻ സാധ്യതയുള്ള എല്ലാ സാധനങ്ങളും മാറ്റുകയാണു ആദ്യം ചെയ്തത്. തുടർന്നു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു കൊണ്ടുപോയി. സിംഹം, കടുവ, ഒറാംഗുട്ടാങ് തുടങ്ങിയവയെ രാത്രിക്കൂട്ടിലേക്കു മാറ്റി. ചെറിയ മൃഗങ്ങളെ താമസിപ്പിക്കാൻ സ്ഥലം കിട്ടിയില്ല. ഇതോടെ ഡയറക്ടർ അവയെ വീട്ടിലേക്കു കൊണ്ടുപോകാമെന്നായി. വീട്ടിലെ മുറികൾ ഓരോ മൃഗങ്ങൾക്കായി മാറ്റിവച്ചിരിക്കുകയാണെന്നും ഒരെണ്ണം പോലും അപകടത്തിൽപ്പെട്ടു നഷ്ടമായില്ലെന്നും സ്റ്റേപ്പിൾസ് ചാരിതാർഥ്യത്തോടെ പറഞ്ഞു.

കാട്ടുതീ ഉള്‍പ്പടെയുള്ള ദേശീയ ദുരന്തങ്ങൾക്കു കാരണമായതു വരള്‍ച്ചയാണെന്നാണു നിഗമനം. ഓസ്ട്രേലിയയുടെ ദേശീയ മൃഗമായ കംഗാരുക്കൾ ഉൾപ്പെടെ ലക്ഷക്കണക്കിനു ജീവികളാണു കൊല്ലപ്പെട്ടത്. നിരവധി സസ്യസമ്പത്തും മനുഷ്യജീവനും നഷ്ടമായി. നാലു വര്‍ഷത്തിലേറെയായി ഓസ്ട്രേലിയ വരൾച്ചയുടെ പിടിയിലാണ്. ഓരോ വര്‍ഷവും വരള്‍ച്ച രൂക്ഷമാകുകയുമാണ്. കിഴക്കന്‍ ഓസ്ട്രേലിയയിലെ പ്രധാന ജലാശയങ്ങളെല്ലാം വറ്റിവരണ്ടു.

കാട്ടുതീ വന്‍ നാശം വിതയ്ക്കുന്നതിനിടെ  ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണ്‍ അവധിക്കാല വിനോദ യാത്ര പോയതു വിവാദമായിരുന്നു. തുടർന്നു യാത്ര വെട്ടിച്ചുരുക്കി രാജ്യത്തു മടങ്ങിയെത്തിയ പ്രധാനമന്ത്രി ജനത്തോടു മാപ്പ് പറഞ്ഞു. കുടുംബത്തോടൊപ്പം ഹവായിലേക്കാണു മോറിസണ്‍ പോയത്. രാജ്യത്തെ ഓരോ പൗരനും കുടുംബവും പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ അവർക്കൊപ്പം നിൽക്കാതെ പോയതിൽ മാപ്പു ചോദിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com