ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നു, ആശങ്ക; ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയില്‍

ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നു, ആശങ്ക; ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയില്‍
ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നു, ആശങ്ക; ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയില്‍

ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയില്‍. വൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നത്. പതിനാലു പേര്‍ക്കാണ് ഇതുവരെ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ പതിനൊന്നു പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വൈറസ് ബാധയുടെ ലക്ഷണങ്ങളോട 121 പേരാണ് നിരീക്ഷണത്തിലുള്ളത്. വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള പരിശോധനകള്‍ തുടരുകയാണെന്ന് വൂഹാന്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. 

മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് അല്ല ഇതെന്നാണ് പ്രാഥമിക നിഗമനം. രോഗികളെ ചികിത്സിച്ചിരുന്നവരില്‍ വൈറസ് ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 

അതിനിടെ, നിലവില്‍ പടര്‍ന്നുപിടിക്കുന്ന വൈറസ് 'സാര്‍സ്' ആണെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവുമില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.  അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൈനയുടെ അയല്‍രാജ്യങ്ങളിലും കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സിംഗപ്പൂര്‍, ഹോങ്‌കോങ് തുടങ്ങിയ രാജ്യങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വൂഹാനില്‍നിന്നുള്ള യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com