പാക്കിസ്ഥാനിലെ ഗുരുദ്വാര ആള്‍ക്കൂട്ടം വളഞ്ഞു; കല്ലേറ്, ശക്തമായി അപലപിച്ച് ഇന്ത്യ; വിഡിയോ

സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാകിസ്താനോട് ആവശ്യപ്പെട്ടു
പാക്കിസ്ഥാനിലെ ഗുരുദ്വാര ആള്‍ക്കൂട്ടം വളഞ്ഞു; കല്ലേറ്, ശക്തമായി അപലപിച്ച് ഇന്ത്യ; വിഡിയോ

ഇസ്‌ലാമാബാദ്: പാകിസ്താനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ഗുരുദ്വാര വളഞ്ഞ് ജനക്കൂട്ടം കല്ലേറ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് വിശ്വാസികള്‍ ഗുരുദ്വാരയ്ക്കുള്ളില്‍ കുടുങ്ങി. സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തി. സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാകിസ്താനോട് ആവശ്യപ്പെട്ടു.

ജനക്കൂട്ടം സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ഗുരുദ്വാര വളഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അകാലിദള്‍ എംഎല്‍എ മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് പുറത്തുവിട്ടു. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അഭ്യര്‍ഥിച്ചു. പാകിസ്താനില്‍ ഇത്തരത്തിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് അവിടുത്തെ സിഖ് വിഭാഗക്കാരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഉടന്‍ ഇടപെടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ഇമ്രാന്‍ ഖാനോട് അഭ്യര്‍ഥിച്ചു. ഗുരുദ്വാരയില്‍ കുടുങ്ങിയ വിശ്വാസികളെ രക്ഷപ്പെടുത്തണമെന്നും ചരിത്രത്തില്‍ ഇടംനേടിയ ഗുരുദ്വാര സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് നങ്കന സാഹിബ്. 

നൂറുകണക്കിന് പേരാണ് വെള്ളിയാഴ്ച വൈകീട്ട് ഗുരുദ്വാര വളയുകയും കല്ലേറ് നടത്തുകയും ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഗുരുദ്വാരയുടെ ചുമതലയുള്ള വ്യക്തിയുടെ മകളെ ഒരു ആണ്‍കുട്ടി തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് പ്രദേശവാസികള്‍ ഗുരുദ്വാര വളഞ്ഞതെന്നാണ് സൂചന. ആണ്‍കുട്ടിയുടെ കുടുംബത്തിന്റെ നേതൃത്വത്തിലാണ് ജനക്കൂട്ടം സംഘടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com