111 സെന്റിമീറ്റര്‍ വ്യാസം ; ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തെ കണ്ടെത്തി

പടിഞ്ഞാറന്‍ സുമാത്രയിലെ മരാമ്പുവാങ് നഗരൈ ബാരിനി ഗ്രാമത്തിന് സമീപത്തെ വനപ്രദേശത്താണ് ഈ വമ്പന്‍ പൂവ് വിരിഞ്ഞത്
111 സെന്റിമീറ്റര്‍ വ്യാസം ; ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തെ കണ്ടെത്തി

സുമാത്ര:  ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ഇന്തോനേഷ്യയിലെ ഉഷ്ണമേഖലാ വനത്തില്‍ വിരിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൂവിന്റെ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഇനമാണ് കണ്ടെത്തിയത്. റഫ്ലേഷ്യ ടുന്‍ മൂഡെ എന്ന ഈ വമ്പന്‍ പൂവിന് 111 സെന്റീമീറ്ററോളം വ്യാസമുണ്ട്. ഒരാഴ്ചയാണ് ഈ പൂവിന്റെ ആയുസ്സ്.
 

പടിഞ്ഞാറന്‍ സുമാത്രയിലെ മരാമ്പുവാങ് നഗരൈ ബാരിനി ഗ്രാമത്തിന് സമീപത്തെ വനപ്രദേശത്താണ് ഈ വമ്പന്‍ പൂവ് വിരിഞ്ഞത്. 2017ല്‍ ഇവിടെ നിന്നു തന്നെ ഇന്തോനീഷ്യയിലെ നാച്വറല്‍ റിസോഴ്‌സ് ആന്‍ഡ് കണ്‍സര്‍വേഷന്‍ ബോര്‍ഡ് അംഗമായ ആഡെ പുട്രയും സംഘവും 107 സെന്റീമീറ്റര്‍ വ്യാസമുള്ള റഫ്ലേഷ്യ  പുഷ്പം കണ്ടെത്തിയിരുന്നു.

ലോകത്താകെമാനം 31 ഇനത്തില്‍ പെട്ട റഫ്ലേഷ്യ പൂക്കളുണ്ട്. ഇലയോ തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ പരാദ സസ്യങ്ങളുടെ ഗണത്തില്‍ പെട്ടതാണ്. ദുര്‍ഗന്ധം പരത്തുന്ന പുഷ്പമാണിത്.അഞ്ച് ഇതളുകളുള്ള ഈ പുഷ്പത്തിന് നൂറ് സെന്റീമീറ്ററിലധികം വ്യാസവും 15 കിലോയോളം ഭാരവുമുണ്ടാകും.

തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോർണിയോ, സുമാത്ര, ഫിലിപ്പീൻസ് എന്നിവിടങ്ങളാണ്  റഫ്ലേഷ്യ  കാണപ്പെടാറുള്ളത്. 19 നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരനായ സര്‍ സ്റ്റാംഫോര്‍ഡ് റഫല്‍സാണ് ഈ പുഷ്പത്തെ കണ്ടെത്തി ലോകത്തെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് ഈ പുഷ്പങ്ങള്‍ക്ക് റഫ്ലേഷ്യ  എന്ന് പേര് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com