ചെങ്കൊടി ഉയര്‍ത്തി യുദ്ധ കാഹളം മുഴക്കി ഇറാന്‍; മരണം അമേരിക്കയിലേക്കെന്ന്  മുന്നറിയിപ്പ് (വീഡിയോ)

52 തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍
ഖാസിം സുലൈമാനിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര/ ചിത്രം എപി
ഖാസിം സുലൈമാനിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര/ ചിത്രം എപി

52 തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍. അമേരിക്കയ്ക്ക് യുദ്ധത്തിനുള്ള ധൈര്യമില്ലെന്ന് ഇറാന്‍ സേന പറഞ്ഞു. 

ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ച ഇറാനിയന്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. 'അമേരിക്കയിലേക്ക് മരണം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ വിലാപയാത്ര നടത്തിയതെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇറാനിലെ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നത് യുദ്ധകാഹളമാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാരമ്പര്യമനുസരിച്ച്  യുദ്ധം വരുന്നതിന്റെ സൂചനയാണിത്. ഇതിന് തൊട്ടുപിന്നാലെ ഇറാഖിലെ ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായി.

സുലൈമാനിയുടെ വധത്തിന്റെ പേരില്‍ ഇറാന്‍, അമേരിക്കയ്ക്ക് നേരെ ആക്രമണത്തിന് മുതിര്‍ന്നാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

അമേരിക്കന്‍ പൗരന്മാരെയോ, വസ്തുവകകളെയോ ഇറാന്‍ ലക്ഷ്യം വെച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ അമേരിക്കയുടെ നിരീക്ഷണ വലയത്തിലാണ്. ഈ കേന്ദ്രങ്ങളില്‍ അതിശക്തമായ ആക്രമണമാണ് ഉണ്ടാകുകയെന്ന് ട്രംപ് പറഞ്ഞു.

സൈനിക മേധാവിയുടെ മരണത്തിന് അമേരിക്കയ്ക്ക് നേരെ തിരിച്ചടിക്കുമെന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ അമേരിക്ക ലക്ഷ്യം വെച്ച 52 കേന്ദ്രങ്ങളില്‍, പലതും ഇറാനും ഇറാന്‍ സംസ്‌കാരത്തിനും വളരെ പ്രധാനപ്പെട്ടതാണ്. ടെഹ്‌റാന്‍ അമേരിക്കയ്ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ ഈ കേന്ദ്രങ്ങള്‍ക്ക് കഠിനമായ നാശമുണ്ടാകുമെന്നാണ് ട്രംപ് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന സൂചനയാണ് ട്രംപിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com