സുലൈമാനിയുടെ സംസ്‌കാരചടങ്ങിനിടെ തിക്കും തിരക്കും ; 35 മരണം, നിരവധി പേര്‍ക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2020 03:40 PM |
Last Updated: 07th January 2020 03:40 PM | A+A A- |

ടെഹ്‌റാന്‍ : അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേര്‍ മരിച്ചു. 50 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കെര്‍മനില്‍ എത്തിച്ചേര്‍ന്ന വിലാപയാത്രയിലും സംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കാനായി പത്തുലക്ഷത്തിലേറെ പേര്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സുലൈമാനിയുടെ സ്വദേശമായ കെര്‍മനിലെത്തിച്ച മൃതദേഹം കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനുമായി നിരവധി ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. 'അനശ്വരനായ സുലൈമാനി കൂടുതല്‍ കരുത്തനാണ്', 'ശത്രു സുലൈമാനിയെ കൊന്നു', തുടങ്ങിയ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു ജനങ്ങള്‍ സംസ്‌കാര ചടങ്ങ് നടക്കുന്ന പ്രദേശത്തേക്ക് എത്തിയത്.
വെള്ളിയാഴ്ച ബഗ്ദാദില്‍ വെച്ചാണ് ഇറാന്‍ ചാരസേനയുടെ മേധാവി ഖാസിം സുലൈമാനി അടക്കം ഏഴുപേരെ അമേരിക്കന്‍ സേന വ്യോമാക്രമണത്തിലൂടെ വധിച്ചത്. ഇതിന് പ്രതികാരമെന്നോണം ബഗ്ദാദിലെ യു എസ് എംബസി സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാമേഖലയിലും അമേരിക്കയുടെ വ്യോമകേന്ദ്രത്തിലും മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണങ്ങളും നടന്നിരുന്നു.
സുലൈമാനി വധത്തിന് പിന്നാലെ ഇറാന്‍ ക്യോം ജാകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പുകൊടി ഉയര്‍ത്തിയിരുന്നു. ഇത് യുദ്ധകാഹളമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെ അമേരിക്കന്‍ പൗരന്മാരെയോ, വസ്തുവകകളെയോ ഇറാന്‍ ലക്ഷ്യം വെച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ അമേരിക്കയുടെ നിരീക്ഷണ വലയത്തിലാണ്. കനത്ത തിരിച്ചടി ഉണ്ടാകുമെന്നുമാണ് ട്രംപ് ഭീഷണി മുഴക്കിയത്.