ആരും കൊല്ലപ്പെട്ടിട്ടില്ല; ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ സുരക്ഷിതര്‍; ഉപരോധം തുടരുമെന്ന് ട്രംപ്

ഇറാന്റെ തിരിച്ചടി മനസിലാക്കി ആവശ്യമായ മുന്‍കരുതല്‍ എടുത്തിരുന്നു. ആക്രമണത്തില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണുണ്ടായത്
ആരും കൊല്ലപ്പെട്ടിട്ടില്ല; ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ സുരക്ഷിതര്‍; ഉപരോധം തുടരുമെന്ന് ട്രംപ്

വാഷിങ്ടൺ: അമരിക്ക  എന്തിനും തയ്യാറെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ അമേരിക്കന്‍ സൈനികരൊന്നും കൊല്ലപ്പെട്ടിട്ടില്ല. യു.എസ് സൈനികരെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു

ഭീകരതയ്ക്കു സഹായം നൽകുന്നത് ഇറാൻ നിർത്തണം. ലോകത്തിലെ ഒന്നാംനിര ഭീകരനെയാണ് ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിലൂടെ യുഎസ് ഇല്ലാതാക്കിയത്. ലോകത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങൾക്ക് സഹായം നൽകിയ വ്യക്തിയായിരുന്നു സുലൈമാനിയെന്ന് ട്രംപ് ആവർത്തിച്ചു. ഹിസ്ബുല്ലയെ ഉൾപ്പെടെ അയാൾ പരിശീലിപ്പിച്ചു. ആഭ്യന്തര യുദ്ധത്തിലും എരിതീയിൽ എണ്ണപകർന്നു. ബഗ്ദാദ് യുഎസ് എംബസിക്കു നേരെ ആക്രമണം നടത്തിയതിനു പിന്നിലും സുലൈമാനിയാണ്. യുഎസിനെതിരെ മറ്റു പദ്ധതികൾ തയാറാക്കുകയായിരുന്നു സുലൈമാനി, പക്ഷേ അമേരിക്ക അതു തകർത്തു. സുലൈമാനിയെ നേരത്തേ വകവരുത്തേണ്ടതായിരുന്നു.

കഴിഞ്ഞ രാത്രിയിൽ ഇറാഖിലെ യുഎസ് സൈനിക ക്യാംപിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ സൈനികരുൾപ്പെടെ അമേരിക്കക്കാരെല്ലാം സുരക്ഷിതരാണ്. ഇറാഖിന്റെയും യുഎസിന്റെയും ഭാഗത്തു നിന്നും ഒരുതരത്തിലുള്ള ആൾനാശവുമില്ല. സൈനിക ക്യാംപിന് കുറഞ്ഞ നാശനഷ്ടം മാത്രമാണു സംഭവിച്ചത്. ആക്രമണം സംബന്ധിച്ച മുന്നറിയിപ്പ് സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവർത്തിച്ചു. ആവശ്യമായ മുൻകരുതലുകളും എടുത്തിരുന്നു.

ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല. അമേരിക്കൻ സൈനികർ എന്തിനും തയാറാണ്. സുലൈമാനിയുടെ കൊലപാതകം ഭീകരർക്കുള്ള സന്ദേശമാണ്. മറ്റ് ലോകരാജ്യങ്ങൾക്കും യാഥാർഥ്യം ബോധ്യമുണ്ട്. ഇറാൻ അണ്വായുധ നിർമാണം നിർത്തണം. ഭീകരവാദത്തെ സഹായിക്കുന്നതും അവസാനിപ്പിക്കണം. ഇറാൻ സ്വഭാവം മാറ്റുന്നതു വരെ ഉപരോധം തുടരും.

വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടതെന്നും ട്രംപ് ആവർത്തിച്ചു. ‘ഡെത്ത് ടു അമേരിക്ക’ എന്നത് കരാർ ഒപ്പിട്ട അന്നാണ് ഇറാനിലുള്ളവർ ശരിക്കും പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി. സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ ഇറാൻ ജനത ‘ഡെത്ത് ടു അമേരിക്ക’ എന്നു വിളിച്ചു പറഞ്ഞതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പരാമർശം. ‘നാറ്റോ’യോട് മധ്യപൂർവദേശത്ത് കൂടുതൽ ഇടപെടണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com