'ഒരു മിസൈല്‍ പോലും തടുക്കാന്‍ അവര്‍ക്ക് ആയില്ല, 80 പേരെ വധിച്ചു'; അവകാശവാദവുമായി ഇറാന്‍, ഒരാള്‍ക്കും ഒന്നുംപറ്റിയിട്ടില്ലെന്ന് അമേരിക്ക

ഇറാഖിലെ അമേരിക്കയുടെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ അവകാശവാദം
'ഒരു മിസൈല്‍ പോലും തടുക്കാന്‍ അവര്‍ക്ക് ആയില്ല, 80 പേരെ വധിച്ചു'; അവകാശവാദവുമായി ഇറാന്‍, ഒരാള്‍ക്കും ഒന്നുംപറ്റിയിട്ടില്ലെന്ന് അമേരിക്ക

ടെഹ്‌റാന്‍:  ഇറാഖിലെ അമേരിക്കയുടെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ അവകാശവാദം. കുറഞ്ഞത് 80 'അമേരിക്കന്‍ ഭീകരരെ' വധിച്ചതായി ഇറാനിയന്‍ ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇറാന്റെ അവകാശവാദം അമേരിക്ക തളളി. എല്ലാ സൈനികരും സുരക്ഷിതരാണെന്ന് അമേരിക്ക അവകാശപ്പെടുന്നു.

ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി 15 മിസൈലുകള്‍ തൊടുത്തുവെന്നാണ് ഇറാന്റെ അവകാശവാദം. അമേരിക്കയുടെ ഹെലികോപ്റ്ററുകള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.മിസൈലുകള്‍ തകര്‍ത്ത് പ്രതിരോധിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചില്ല. എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനം കണ്ടു. അമേരിക്ക ഇതിന് പ്രതികാരമായി വീണ്ടും രംഗത്തുവന്നാല്‍ മേഖലയില്‍ അമേരിക്കയ്ക്ക് വ്യക്തമായ സ്വാധീനമുളള 100 മേഖലകള്‍ കണ്ടുവെച്ചിട്ടുണ്ടെന്നും റെവല്യൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഇറാഖിലെ അമേരിക്കയുടെ നേതൃത്വത്തിലുളള സേനയ്ക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം നടന്നത്. കഴിഞ്ഞ ദിവസം ബാഗ്ദാദ് വിമാനത്താവളത്തിന് മുന്‍പില്‍ വച്ച് നടന്ന അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന്റെ സൈനിക മേധാവി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതിന് പ്രതികാരം വീട്ടിയതാണ് ഇറാന്‍ എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

അതേസമയം ഇറാന്റെ അവകാശവാദം തളളി അമേരിക്ക രംഗത്തുവന്നു.ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. സൈനികര്‍ ബങ്കറുകളില്‍ ആയിരുന്നതിനാല്‍ സുരക്ഷിതരാണെന്നും അമേരിക്ക അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com