വയറ്റിനുള്ളില്‍ മൂന്ന് പ്ലാസ്റ്റിക് കവറുകളില്‍ 65 ലക്ഷത്തിന്റെ വജ്ജ്രം; വിമാനത്താവളത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്
വയറ്റിനുള്ളില്‍ മൂന്ന് പ്ലാസ്റ്റിക് കവറുകളില്‍ 65 ലക്ഷത്തിന്റെ വജ്ജ്രം; വിമാനത്താവളത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

ഷാര്‍ജ: വയറിനുള്ളില്‍ വജ്രം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആഫ്രിക്കന്‍ യാത്രക്കാരനെ ഷാര്‍ജ അധികൃതര്‍ പിടികൂടി. ഷാര്‍ജ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി ഷാര്‍ജ പോര്‍ട്‌സ് ആന്‍ഡ് കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ജനറല്‍ അതോറിറ്റി ഫോര്‍ സെക്യൂരിറ്റി പോര്‍ട്ട്‌സ്, ബോര്‍ഡേഴ്‌സ് ആന്‍ഡ് ഫ്രീ സോണ്‍സ് എന്നീ വിഭാഗങ്ങളും സഹായത്തിനായി എത്തി. ഏതാനും ദിവസം മുന്‍പാണ് സംഭവം നടന്നതെന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

ആഫ്രിക്കന്‍ സ്വദേശിയായ ഒരു യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇയാള്‍ വയറിനുള്ളില്‍ വലിയ അളവില്‍ വജ്രം ശേഖരിച്ച് ഇത് യുഎഇയിലേക്ക് കടത്താന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമായത്. ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു ശ്രമം. ഉടന്‍ തന്നെ ഷാര്‍ജ കസ്റ്റംസ് വിഭാഗവും ഫെഡറല്‍ കസ്റ്റംസ് അധികൃതര്‍ ഇയാളെ പിടികൂടി തുടര്‍ നടപടികള്‍ ആരംഭിച്ചു. 

ഷാര്‍ജ വിമാനത്താളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തെ സന്ദര്‍ശിച്ചപ്പോള്‍ ഇയാളുടെ പാസ്‌പോര്‍ട്ട് ഇവര്‍ പിടിച്ചുവയ്ക്കുകയും ആഫ്രിക്കന്‍ സ്വദേശിയെ ഷാര്‍ജ കസ്റ്റംസിന് കൈമാറുകയുമായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഭാഗുകളും ഇയാളെയും വിശദമായി പരിശോധിച്ചു. ഷാര്‍ജ കസ്റ്റംസിന്റെ കൈവശമുള്ള പ്രത്യേക സ്‌കാനര്‍ വഴി ഇയാളെ പരിശോധിച്ചപ്പോഴാണ് വയറിനുള്ളില്‍ മൂന്ന് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയത്. 90,000 യുഎസ് ഡോളര്‍ വിലവരുന്ന 297 ഗ്രാം വജ്രമായിരുന്നു ഇത്. 

ചോദ്യം ചെയ്യലില്‍ ഇയാള്‍ മുന്‍പ് പല തവണ യുഎഇയില്‍ വന്നിട്ടുണ്ടെന്ന് വ്യക്തമായി. എന്നാല്‍, ആ സമയത്തൊന്നും ഇത്തരത്തില്‍ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചിരുന്നില്ല. ആഫ്രിക്കന്‍ രാജ്യത്തു നിന്നും വജ്രം കടത്തിക്കൊണ്ടുവന്ന് യുഎഇയില്‍ വില്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. യുഎഇയില്‍ ആര്‍ക്ക് നല്‍കാനാണ് എന്നു ചോദിച്ചപ്പോള്‍ ആരുടെയും പേര് പറഞ്ഞില്ലെന്നും നല്ല വില നല്‍കുന്ന ആവശ്യക്കാര്‍ക്ക് വില്‍ക്കാനായിരുന്നു പദ്ധതിയെന്നും ഇയാള്‍ പറഞ്ഞു. രണ്ട് പാര്‍ട്ട്‌നര്‍മാരും ഇയാള്‍ക്കുണ്ടെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com