ഇറാനിൽ വൻ പ്രതിഷേധം; ഖമേനിയടക്കമുള്ളവർ രാജിവയ്ക്കണമെന്ന് ആവശ്യം; പിന്തുണയുമായി ട്രംപും നെതന്യാഹുവും

ഇറാനിൽ വൻ പ്രതിഷേധം; ഖമേനിയടക്കമുള്ളവർ രാജിവയ്ക്കണമെന്ന് ആവശ്യം; പിന്തുണയുമായി ട്രംപും നെതന്യാഹുവും

യുക്രൈന്‍ വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന ഇറാന്റെ കുറ്റസമ്മതത്തിന് പിന്നാലെ രാജ്യത്ത് വൻ പ്രതിഷേധം

ടെഹ്‌റാന്‍: യുക്രൈന്‍ വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന ഇറാന്റെ കുറ്റസമ്മതത്തിന് പിന്നാലെ രാജ്യത്ത് വൻ പ്രതിഷേധം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയും മറ്റു നേതാക്കളും രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. മേജര്‍ ജനറല്‍ ഖസീം സുലൈമാനിയെ കൊലപ്പെടുത്തിയതിന് ശേഷമുണ്ടായ യുഎസ്- ഇറാന്‍ സംഘര്‍ഷം പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.

തലസ്ഥാനമായ ടെഹ്‌റാനിലെ അമിര്‍ കബിര്‍ സര്‍വകലാശാലക്ക് മുന്നില്‍ നൂറു കണക്കിന് ആളുകള്‍ നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. 176 യാത്രികരുമായി പറന്ന വിമാനം തകര്‍ത്തതിന് ഉത്തരവാദികളായവര്‍ രാജിവെക്കുകയും നിയമ നടപടികള്‍ നേരിടുകയും വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പ്രതിഷേധത്തിന് പിന്തുണയും പ്രേരണയും നല്‍കിയെന്നാരോപിച്ച് യുകെ സ്ഥാനപതിയെ ഇറാന്‍ അറസ്റ്റ് ചെയ്തു.

ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി. ഇറാനിലെ ധീരരും ദീര്‍ഘ വീക്ഷണവുമുള്ള ജനതയോടൊപ്പം താന്‍ നില്‍ക്കുന്നു. തന്റെ സര്‍ക്കാരും നിങ്ങള്‍ക്കൊപ്പമാണ്. നിങ്ങളുടെ പ്രതിഷേധം അടുത്തറിയുന്നു. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഇറാന്‍ ജനതയുടെ നിരന്തര പ്രതിഷേധങ്ങള്‍ അടുത്തറിയാന്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് അനുമതി കൊടുക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഇംഗ്ലീഷിലും പേര്‍ഷ്യയിലുമായിട്ടാണ് ട്രംപിന്റെ ട്വീറ്റ്.

ഇതിന് പിന്നാലെയാണ് നെതന്യാഹുവും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ഭരണകൂടത്തിനെതിരെ വീണ്ടും തെരുവുകളില്‍ പ്രകടനം നടത്തുന്ന ഇറാനിയന്‍ ജനതയുടെ ധൈര്യം ശ്രദ്ധിക്കുന്നു. അവര്‍ക്ക് സ്വാതന്ത്ര്യത്തോടേയും സുരക്ഷിതത്വത്തോടേയും സമാധാനത്തിലും ജീവിക്കാനുള്ള അര്‍ഹതയുണ്ട്. ഇതെല്ലാം ഭരണകൂടം അവര്‍ക്ക് നിഷേധിക്കുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com