മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി; പ്രത്യേക കോടതി തന്നെ നിയമ വിരുദ്ധമെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2020 09:17 PM |
Last Updated: 13th January 2020 09:17 PM | A+A A- |

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. പ്രത്യേക കോടതി രൂപവത്കരിച്ചതടക്കം നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയതെന്ന് മുഷറഫിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. 2013ല്‍ ഫയല്‍ ചെയ്ത കേസില്‍ ആറ് മാസത്തെ വിചാരണയ്ക്ക് ശേഷമായിരുന്നു വിധി. 2007ല്‍ മുഷറഫ് ഭരണഘടന മരവിപ്പിക്കുകയും, അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസാണിത്.
1999ല്‍ പട്ടാള അട്ടിമറിയിലൂടെ മുഷറഫ് പുറത്താക്കിയ നവാസ് ഷെരീഫ് 2013ല്‍ വീണ്ടും പ്രധാനമന്ത്രിയായി എത്തി. പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതോടെയാണ് മുഷറഫിനെതിരെ നവാസ് സര്‍ക്കാര്‍ കേസെടുത്തത്.
വധശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിയോടെ മുഷാറഫ് സ്വതന്ത്രനായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് മുഷറഫ് മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൃതദേഹം തെരുവിലൂടെ വലച്ചിഴച്ച് ജനങ്ങള്‍ക്ക് മുന്‍പില്‍ തൂക്കണം എന്ന പ്രത്യേക കോടതി വിധി പ്രഖ്യാപനം വിവാദമായിരുന്നു.