യുഎഇയില്‍ കാല്‍നൂറ്റാണ്ടിനിടയിലെ ശക്തമായ മഴ; പലയിടത്തും വെള്ളക്കെട്ട്, ആലിപ്പഴ വര്‍ഷം

യുഎഇയില്‍ കാല്‍നൂറ്റാണ്ടിനിടയിലെ ശക്തമായ മഴ; പലയിടത്തും വെള്ളക്കെട്ട്, ആലിപ്പഴ വര്‍ഷം
യുഎഇയില്‍ കാല്‍നൂറ്റാണ്ടിനിടയിലെ ശക്തമായ മഴ; പലയിടത്തും വെള്ളക്കെട്ട്, ആലിപ്പഴ വര്‍ഷം

ദുബൈ: യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ പെയ്തത് കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ. മഴയ്ക്കു പുറമേ ചില പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. 

രണ്ടര ദശകത്തിനിടെ യുഎഇ കണ്ട ശക്തമായ മഴയാണ് കഴിഞ്ഞദിവസങ്ങളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടെയാണ് മിക്കയിടത്തും മഴ പെയ്തത്. ബുധനാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെട്ടെന്നു പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. അണ്ടര്‍ പാസുകളിലും മറ്റും വെള്ളം കെട്ടിനിന്നത് ഗതാഗതം താറുമാറാക്കി. മോശം കാലാവസ്ഥയും വിമാനത്താവളങ്ങളിലെ വെള്ളക്കെട്ടും കാരണം പല വിമാനങ്ങളും വൈകുകയും ചില റദ്ദാക്കുകയും ചെയ്തു.

ഷാര്‍ജയില്‍ ചില ഫ്‌ലാറ്റുകളില്‍ നിന്ന് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താഴ്ചയുള്ള ഭാഗങ്ങളില്‍ പാര്‍ക്കു ചെയ്ത വാഹനങ്ങളില്‍ മുഴുവന്‍ വെള്ളം കയറിയിരിക്കുകയാണ്. മുഹൈസീന ഭാഗത്തും ദുബായ് റാസ് അല്‍ഖോര്‍ ഭാഗത്തും ആലിപ്പഴ വര്‍ഷമുണ്ടായെന്ന് പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ ഫറയുന്നു. റാസല്‍ ഖൈമ, ഫൂജൈറ തുടങ്ങിയ പ്രദേശങ്ങളിലും മഴ ശക്തമായിരുന്നു. 

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മിക്കയിടത്തും മാനം തെളിഞ്ഞെങ്കിലും പലയിടത്തും ശക്തമായി തണുത്ത കാറ്റ് വീശുന്നുണ്ട്. അല്‍ വര്‍ക്കയിലെ അവര്‍ ഓണ്‍ സ്‌കൂളിലെ കെജി 1, 2 വിഭാഗങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥ അനുസരിച്ച് സ്‌കൂളുകള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com