ടിവി ഷോക്കിടെ മന്ത്രി സൈന്യത്തിന്റെ ബൂട്ട് ഉയര്‍ത്തി കാണിച്ച് പ്രതിപക്ഷത്തെ പരിഹസിച്ചു; അവതാരകനും പരിപാടിക്കും 60 ദിവസത്തെ വിലക്ക്

പാകിസ്ഥാനില്‍ ടിവി ഷോക്കിടെ, ക്യാബിനറ്റ് മന്ത്രി സൈനിക ബൂട്ട് ഉയര്‍ത്തി കാണിച്ച്  പ്രതിപക്ഷത്തെ പരിഹസിച്ച വിവാദ സംഭവത്തില്‍ പാകിസ്ഥാന്‍ ടിവി അവതാരകനും വാര്‍ത്താപരിപാടിക്കും വിലക്ക്
ടിവി ഷോക്കിടെ മന്ത്രി സൈന്യത്തിന്റെ ബൂട്ട് ഉയര്‍ത്തി കാണിച്ച് പ്രതിപക്ഷത്തെ പരിഹസിച്ചു; അവതാരകനും പരിപാടിക്കും 60 ദിവസത്തെ വിലക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ടിവി ഷോക്കിടെ, ക്യാബിനറ്റ് മന്ത്രി സൈനിക ബൂട്ട് ഉയര്‍ത്തി കാണിച്ച്  പ്രതിപക്ഷത്തെ പരിഹസിച്ച വിവാദ സംഭവത്തില്‍ പാകിസ്ഥാന്‍ ടിവി അവതാരകനും വാര്‍ത്താപരിപാടിക്കും വിലക്ക്. പാകിസ്ഥാനില്‍ വാര്‍ത്താമാധ്യമങ്ങളെ നിയന്ത്രിക്കുന്ന പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് അവതാരകനായ കാഷിഫ് അബാസിയെയും അദ്ദേഹത്തിന്റെ പരിപാടിയായ ഓഫ് ദി റെക്കോര്‍ഡിനെയും വിലക്കിയത്. 60 ദിവസത്തേയ്ക്കാണ് വിലക്ക്.


എആര്‍വൈ ന്യൂസിന്റെ ടോക് ഷോക്കിടെയാണ് സംഭവം. പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികളായ നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുളള പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ്, പാകിസ്ഥാന്‍ പീപ്പീള്‍സ് പാര്‍ട്ടി എന്നിവയെ ടിവി പരിപാടിക്കിടെ പരിഹസിച്ച സംഭവം മാധ്യമനിയമങ്ങള്‍ക്ക് നിരക്കാത്തതാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജലവിഭവശേഷി മന്ത്രി ഫൈസല്‍ വാവ്ദയാണ് സൈനിക ബൂട്ട് ഉയര്‍ത്തിക്കാണിച്ച് പരിഹസിച്ചത്. ടിവി ഷോക്കിടെ, പാര്‍ലമെന്റില്‍ പാസാക്കിയ ആര്‍മി ആക്ടുമായി ബന്ധപ്പെട്ടായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.

ഭരണപക്ഷത്ത് നിന്നുളള പരിഹാസത്തെ തുടര്‍ന്ന് പിപിപി, പിഎംഎല്‍-എന്‍ നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയതും വാര്‍ത്തയായിരുന്നു. ക്യാബിനറ്റ് മന്ത്രിയുടെ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഷോ സ്വീകരിച്ചതെന്ന ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു ഇവരുടെ ഇറക്കിപ്പോക്ക്. സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണ്  പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി സ്വമേധയാ നടപടി സ്വീകരിച്ചത്. മാധ്യമ നിയമങ്ങള്‍ ലംഘിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവതാരകനെയും പരിപാടിയും വിലക്കിയത്.

പ്രതിപക്ഷം സൈന്യത്തെ അധിക്ഷേപിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് വാവ്ദ പറയുന്നു. എങ്കിലും പ്രവൃത്തി കടുത്തുപോയെന്നും അദ്ദേഹം സമ്മതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com