സിഎഎ, ലോകത്തിലെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇടയാക്കും; ഇന്ത്യക്കെതിരെ പ്രമേയവുമായി യൂറോപ്യന്‍ യൂണിയന്‍

ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍
സിഎഎ, ലോകത്തിലെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇടയാക്കും; ഇന്ത്യക്കെതിരെ പ്രമേയവുമായി യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സല്‍സ്: ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. 150ല്‍ അധികം പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ പൗരത്വം നിര്‍ണയിക്കുന്ന രീതിയിലെ മാറ്റം അപകടകരമാണെന്ന് പ്രമേയത്തിന്റെ കരടില്‍ ആരോപിക്കുന്നു. 

ലോകത്തിലെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് സിഎഎ ഇടയാക്കുമെന്നും ജനങ്ങള്‍ വലിയ കഷ്ടപ്പാടുകള്‍ സഹിക്കേണ്ട അവസ്ഥ നിയമമൂലം ഉണ്ടാകുമെന്നും പ്രമേയം ആരോപിക്കുന്നു. മത ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നുവെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെയും മനുഷ്യാവകാശ സംഘടനകളെയും മാധ്യമങ്ങളെയും നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്. 

ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുന്നതാണ് കരട് പ്രമേയം. ഇന്ത്യയുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ആ രാജ്യത്ത്  മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ശക്തമായ വ്യവസ്ഥകള്‍ കൂടി അതില്‍ ഉള്‍ക്കൊള്ളിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രമേയം സഭയില്‍ അവതരിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തോട് കരട് പ്രമേയം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല സമരക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണമെന്നും സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com