ശ്രീലങ്കയിലും കംബോഡിയയിലും വിയ്റ്റനാമിലും കാനഡയിലും; ഭീതി പരത്തി കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്; വുഹാനില്‍ 34 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്നു

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ആഗോളതലത്തില്‍ ഭീതി പരത്തി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു
ശ്രീലങ്കയിലും കംബോഡിയയിലും വിയ്റ്റനാമിലും കാനഡയിലും; ഭീതി പരത്തി കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്; വുഹാനില്‍ 34 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്നു

ബീജിങ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ആഗോളതലത്തില്‍ ഭീതി പരത്തി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. കാനഡ,ശ്രീലങ്ക, കംബോഡിയ, വിയറ്റനാം,ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. ചൈനയില്‍ മാത്രം 4500 കേസുകള്‍ സ്ഥിരീകരിച്ചു.

തിങ്കളാഴ്ച മാത്രം ചൈനയില്‍ 1300 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനമായ ബീജിങ്ങിലും ആദ്യമായി രോഗം കണ്ടെത്തി. മരിച്ചവരുടെ എണ്ണത്തില്‍ 23 ശതമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ധനവാണ് ഒരു ദിവസത്തിനിടെ ഉണ്ടായിരിക്കുന്നത്. മരിച്ചവരില്‍ മിക്കവരും വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലൈ ഹുബൈ പ്രവിശ്യയിലുളളവരാണ്. 

വൈറസ് ബാധ പടരുന്നതിനിടെ, ചൈന യാത്രാനിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. ചില നഗരങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രമേ പുറത്ത് ഇറങ്ങാന്‍ പാടുളളുവെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനിവാര്യമായ യാത്രകള്‍ ഒഴിച്ചുളള ചൈനീസ് സന്ദര്‍ശനങ്ങള്‍ക്ക് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ജാഗ്രതയുടെ അളവുകോലില്‍ ഏറ്റവും ഉയര്‍ന്ന മുന്നറിയിപ്പാണ് അമേരിക്ക പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം വുഹാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ മടക്കിയെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. വിമാനം അയക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചൈനയുടെ സഹായം തേടും. അനുമതി ലഭിച്ചാല്‍ എയര്‍ ഇന്ത്യയുടെ ആ747 വിമാനം അയക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് പ്രത്യേക സര്‍വ്വീസ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ ഉള്‍പ്പെടെയുള്ള പ്രവശ്യകളില്‍ കഴിയുന്നവരെ മടക്കിയെത്തിക്കാനാണ് ശ്രമം നടക്കുന്നത്. വുഹാന്‍ പ്രവിശ്യയില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗതാഗത സൗകര്യം നിലച്ചതോടെ അവര്‍ പ്രതിസന്ധിയിലാണ്.

വുഹാന്‍ സര്‍വകലാശാലയില്‍ 64 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇക്കൂട്ടത്തില്‍ 34 കുട്ടികള്‍ മലയാളികളാണ്. ഇവരെ ഉടനെ മടക്കി കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. അതിനിടെ ഉത്തര്‍പ്രദേശിലും കൊല്‍ക്കത്തയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com