കൊറോണ വൈറസ്; ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ നാളെ നാട്ടിലെത്തിക്കും

കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഹുബൈ പ്രവിശ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ നാളെ നാട്ടിലെത്തിക്കും
കൊറോണ വൈറസ്; ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ നാളെ നാട്ടിലെത്തിക്കും

ബെയ്ജിങ്: കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഹുബൈ പ്രവിശ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ നാളെ നാട്ടിലെത്തിക്കും. ഇന്ത്യൻ സംഘത്തെ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെത്തിക്കുമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഏതാണ്ട് അറുനൂറിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

തിരികെ വരാന്‍ താത്പര്യമുള്ളവരെയാണ് നാട്ടിലെത്തിക്കുക. ചൈനയിലുള്ള ഇന്ത്യന്‍ പൗരന്മാരില്‍ ആര്‍ക്കെങ്കിലും വൈറസ് ബാധയുള്ളതായി വിവരം ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ടോടെ വിമാന മാര്‍ഗം ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. വുഹാന്‍ നഗരത്തിലും സമീപ പ്രദേശത്തുമുള്ള ഇന്ത്യക്കാരെയാവും ആദ്യ വിമാനത്തില്‍ എത്തിക്കുക. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നാണ് സൂചന. ഹുബൈ പ്രവിശ്യയുടെ മറ്റു ഭാഗങ്ങളില്‍ ഉള്ളവരെയാവും രണ്ടാമത്തെ വിമാനത്തിൽ എത്തിക്കുന്നത്.

വുഹാനിലടക്കം കുടുങ്ങിയ പൗരന്മാരെ അമേരിക്കയും  ജപ്പാനും മോചിപ്പിച്ചിരുന്നു. ജപ്പാന്‍ മോചിപ്പിച്ച നാല് പേരിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യയും ന്യൂസിലന്‍ഡും സിങ്കപ്പൂരും പൗരന്മാരെ മോചിപ്പിക്കും.

അതിനിടെ, കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി ഉയർന്നു. ടിബറ്റിലും ഫിലീപ്പെയ്ന്‍സിലും വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 38 പേരാണ്. ഇതില്‍ 37 പേരുടെയും മരണം പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്.

പുതിയതായി 1737 പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 7700 ആയി. 1300 പേരുടെ നില ഗുരുതരമാണ്. രോഗബാധ സംശയിക്കുന്ന 12,000 പേര്‍ നിരീക്ഷണത്തിലാണ്. വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരു ലക്ഷത്തിനടുത്ത് ആളുകളും നിരീക്ഷണത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com