നേപ്പാളില്‍ വന്‍ രാഷ്ട്രീയനീക്കങ്ങള്‍ ? ; പ്രധാനമന്ത്രി ശര്‍മ്മ ഒലി കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗത്തില്‍ നിന്നും വിട്ടുനിന്നു, പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

നേപ്പാള്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേശനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു
നേപ്പാളില്‍ വന്‍ രാഷ്ട്രീയനീക്കങ്ങള്‍ ? ; പ്രധാനമന്ത്രി ശര്‍മ്മ ഒലി കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗത്തില്‍ നിന്നും വിട്ടുനിന്നു, പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

കാഠ്മണ്ഡു : നേപ്പാളില്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ രാഷ്ട്രീയസ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ബുലുവാട്ടറില്‍ തുടങ്ങി. യോഗത്തില്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി പങ്കെടുക്കുന്നില്ല. മുന്‍പ്രധാനമന്ത്രിമാര്‍ അടക്കം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ശര്‍മ്മ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അസാന്നിധ്യം ശ്രദ്ധേയമാകുന്നത്.

രാജിക്കായുള്ള മുറവിളി ശക്തമാകുന്നതിനിടെ, പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി നേപ്പാള്‍ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രി ശര്‍മ്മ ഒലി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ നേപ്പാള്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേശനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് ശര്‍മ്മ ഒലിക്കെതിരെ മുന്‍ പ്രധാനമന്ത്രിമാരും ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിപക്ഷവും രംഗത്തുവന്നത്.

'ഇന്ത്യയല്ല, ഞാന്‍ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് നിങ്ങള്‍ തെളിവ് നല്‍കണം' മുൻപ്രധാനമന്ത്രി പ്രചണ്ഡ ഒലിയോട് ആവശ്യപ്പെട്ടു. ഒലി തികഞ്ഞ പരാജയമാണെന്നും, ഇന്ത്യക്കെതിരായ ആരോപണത്തിൽ തെളിവുഹാജരാക്കാനാകാത്ത സാഹചര്യത്തിൽ രാജിവെക്കണമെന്നും  മുന്‍പ്രധാനമന്ത്രിമാരായ മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ തുടങ്ങിയ നേതാക്കളും ആവശ്യപ്പെട്ടു.

ചില നേപ്പാളി നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നു, ഇന്ത്യന്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളും ഇത് തെളിയിച്ചതായും കെ പി ശര്‍മ ഒലി തന്റെ വസതിയില്‍ നടന്ന ഒരു യോഗത്തിനിടെയാണ് ആരോപണം ഉന്നയിച്ചത്. ഇന്ത്യയുടെ ഭാ​ഗങ്ങൾ തങ്ങളുടേതാണെന്ന് കാണിച്ച് നേപ്പാൾ ഭൂപടം ഇറക്കിയതും ഇന്ത്യയുമായുള്ള ബന്ധം വഷളാകാൻ ഇടയാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com