മനുഷ്യക്കടത്ത്, ലഹരിമരുന്ന് കച്ചവടം, ആയുധക്കടത്ത്; കുടുങ്ങിയത് 746 വൻ കുറ്റവാളികൾ; മാഫിയകളുടെ സൈബർ താവളം പൊളിച്ച് എൻസിഎ

മനുഷ്യക്കടത്ത്, ലഹരിമരുന്ന് കച്ചവടം, ആയുധക്കടത്ത്; കുടുങ്ങിയത് 746 വൻ കുറ്റവാളികൾ; മാഫിയകളുടെ സൈബർ താവളം പൊളിച്ച് എൻസിഎ
മനുഷ്യക്കടത്ത്, ലഹരിമരുന്ന് കച്ചവടം, ആയുധക്കടത്ത്; കുടുങ്ങിയത് 746 വൻ കുറ്റവാളികൾ; മാഫിയകളുടെ സൈബർ താവളം പൊളിച്ച് എൻസിഎ

ലണ്ടൻ: ഓപറേഷൻ വെനറ്റിക് എന്ന പേരിൽ യൂറോപ്പിലെ വിവിധ ഏജൻസികൾക്കൊപ്പം ചേർന്ന് ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി (എൻസിഎ) നടത്തിയ വേട്ടയിൽ കുടുങ്ങിയത് 746 പേർ. എൻക്രോചാറ്റിലെ രഹസ്യങ്ങൾ ചോർത്തിയതോടെയാണ് കുറ്റവാളികൾ പിടിയിലായത്. ലഹരി മാഫിയ, ആയുധക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന 746 പേരെയാണ് എൻക്രോചാറ്റ് വിവരങ്ങൾ ചോർത്തിയതിന് പിന്നാലെ അറസ്റ്റ് ചെയ്തതെന്ന് എൻസിഎ അറിയിച്ചു. 

ഇവരിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 54 മില്യൺ പൗണ്ട്, രണ്ട് ടണ്ണിലേറെ ലഹരി മരുന്നുകൾ, പല തരത്തിലുള്ള തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ, ആഡംബര കാറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി എൻസിഎ വ്യാപക പരിശോധന നടത്തിയാണ് കുറ്റവാളികളെ കുടുക്കിയത്. ബ്രിട്ടനിലെ വിവിധയിടങ്ങളിലെ പൊലീസ് സംഘങ്ങളും ദൗത്യത്തിൽ പങ്കാളികളായിരുന്നു.

യൂറോപ്പിലെ ലഹരി മാഫിയയുടെ തലവന്മാരെന്ന്‌ അറിയപ്പെടുന്ന നിരവധി പേർ എൻസിഎയുടെ ഓപറേഷനിൽ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. വൻ തോതിൽ ലഹരി മരുന്ന് നിർമിക്കുന്ന ലബോറട്ടറി അടക്കം അന്വേഷണത്തിൽ കണ്ടെത്തി.

എൻക്രോചാറ്റിൽ നുഴഞ്ഞു കയറിയതോടെ നിരവധി കൊലപാതക പദ്ധതികൾ പൊളിച്ചതായും ആക്രമണത്തിന് ആസൂത്രണം ചെയ്തവരെയടക്കം പിടികൂടിയെന്നുമാണ് എൻസിഎ ഉദ്യോഗസ്ഥരുടെ അവകാശവാദം. ഇതൊരു തുടക്കം മാത്രമാണെന്നും ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഇനിയും പിടികൂടുമെന്നും ഏജൻസി മുന്നറിയിപ്പും നൽകുന്നു.

ലഹരി, ആയുധക്കടത്ത് മാഫിയകൾക്കിടയിൽ ഏറെ പ്രചാരത്തിലുള്ള സ്വകാര്യ മെസേജിങ് പ്ലാറ്റ്ഫോമാണ് എൻക്രോചാറ്റ്. ആർക്കും ഒന്നും ചോർത്തിയെടുക്കാനാവാത്ത എൻക്രിപ്റ്റഡ് സന്ദേശങ്ങളാണ് എൻക്രോചാറ്റിലൂടെ കൈമാറുന്നത്. കസ്റ്റമൈസ് ചെയ്ത ആൻഡ്രോയിഡ് ഫോണുകളിലാണ് ഇവ പ്രവർത്തിക്കുക. ആറ് മാസത്തേക്ക് 1500 പൗണ്ടാണ് ഈ ഫോണുകൾക്ക് ഈടാക്കുന്നത്. ബ്രിട്ടനിൽ മാത്രം ഏകദേശം പതിനായിരത്തോളം പേർ എൻക്രോചാറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്താകെ 60000 ഉപഭോക്താക്കളാണ് എൻക്രോചാറ്റിനുള്ളത്.

മനുഷ്യക്കടത്ത്, ലഹരിമരുന്ന് കച്ചവടം, ആയുധക്കടത്ത് തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങളിലെ അംഗങ്ങളാണ് എൻക്രോചാറ്റ് ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ഫ്രാൻസിലെയും നെതർലൻഡ്സിലെയും സൈബർ വിദഗ്ധർ എൻക്രോചാറ്റിൽ നുഴഞ്ഞു കയറുകയും സന്ദേശങ്ങൾ ചോർത്തുകയുമായിരുന്നു. ഈ വിവരങ്ങൾ യൂറോപോൾ വഴി എൻസിഎയ്ക്കും ബ്രിട്ടൻ പൊലീസിനും കൈമാറി. പിന്നീട് എൻക്രോചാറ്റ് സന്ദേശങ്ങൾ നിരീക്ഷിച്ചാണ് പല മാഫിയ തലവന്മാരെയടക്കം പിടികൂടിയത്. നിലവിൽ എൻക്രോചാറ്റിന്റെ സെർവർ പ്രവർത്തനരഹിതമാക്കിയതായും എൻസിഎ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com