തീരുമാനങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച ജനങ്ങള്‍ക്ക് നന്ദി; കോവിഡിനെ തോല്‍പ്പിച്ചത് ഉത്തര കൊറിയയുടെ തിളക്കമാര്‍ന്ന വിജയമെന്ന് കിം

ലോകമെങ്ങും കോവിഡ് പിടിയില്‍ അമരുമ്പോഴും മഹാമാരിയെ പിടിച്ചുകെട്ടിയെന്ന അവകാശവാദവുമായി വീണ്ടും ഉത്തരകൊറിയ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലോകമെങ്ങും കോവിഡ് പിടിയില്‍ അമരുമ്പോഴും മഹാമാരിയെ പിടിച്ചുകെട്ടിയെന്ന അവകാശവാദവുമായി വീണ്ടും ഉത്തരകൊറിയ. കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ഉത്തര കൊറിയയുടെ തിളക്കമാര്‍ന്ന വിജയമാണെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞതായി ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ലോകമെമ്പാടും ആരോഗ്യപ്രതിസന്ധി തുടരുന്നതിനിടെയും മാരകമായ വൈറസിനെ പിടിച്ചുകെട്ടാന്‍ പകര്‍ച്ചവ്യാധി വിരുദ്ധ സാഹചര്യം നിലനിര്‍ത്താന്‍ കിം നിര്‍ദേശിച്ചിരുന്നതായി കെസിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡിനെ പ്രതിരോധിക്കുന്നതിന് ചേര്‍ന്നു പ്രവര്‍ത്തിച്ച പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയെയും തീരുമാനങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച ജനങ്ങളെയും കിം അഭിനന്ദിച്ചു. അയല്‍രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമായതിനാല്‍ കഴിയുന്നത്ര മുന്‍കരുതലെടുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കിം നിര്‍ദേശിച്ചു.

പകര്‍ച്ചവ്യാധി വിരുദ്ധ തയാറെടുപ്പുകളില്‍ ഇളവുകള്‍ വരുത്തുന്നത് ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കാവും വഴിതെളിക്കുകയെന്നും കിം വ്യക്തമാക്കുന്നു.  ഉത്തര കൊറിയയില്‍ ഔദ്യോഗികമായി ഒരു കൊറോണ കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അയല്‍രാജ്യങ്ങളില്‍ രോഗം കണ്ടെത്തിയതിന് പിന്നാലെ ഉത്തരകൊറിയ അതിര്‍ത്തികള്‍ അടയ്ക്കുകയും മുന്‍കരുതലുകളെടുക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com