കോവിഡ് വിവരങ്ങൾ മറച്ചുവച്ചു; ചൈനയും ഡബ്ല്യുഎച്ഓയും ലോകത്തെ വഞ്ചിക്കുകയായിരുന്നു; ​ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

കോവിഡ് വിവരങ്ങൾ അവർ മറച്ചുവച്ചു; ചൈനയും ഡബ്ള്യുഎച്ഓയും ലോകത്തെ വഞ്ചിക്കുകയായിരുന്നു; ​ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്
കോവിഡ് വിവരങ്ങൾ മറച്ചുവച്ചു; ചൈനയും ഡബ്ല്യുഎച്ഓയും ലോകത്തെ വഞ്ചിക്കുകയായിരുന്നു; ​ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

വാഷിങ്ടൺ: കോവിഡ് മഹാമാരി സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചുവച്ചു എന്നത് വ്യാപകമായി ഉയർന്ന ആരോപണമായിരുന്നു. ഇപ്പോഴിതാ ആ വാദങ്ങൾക്ക് ബലം നൽകുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് ചൈനീസ് വൈറോളജിസ്റ്റ്. 

കോവിഡ് 19ന്റെ വ്യാപനം സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചുവെക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായിരുന്ന ഡോ. ലി മെങ് യാൻ ആണ് വെളിപ്പെടുത്തിയത്. അമേരിക്കൻ വാർത്താ ചാനലായ ഫോക്‌സ് ന്യൂസിനോടാണ് ഇക്കാര്യങ്ങൾ ഇവർ തുറന്നു പറഞ്ഞിരിക്കുന്നത്. അമേരിക്കയിൽ അഭയം തേടിയെത്തിയ ചൈനീസ് വൈറോളജിസ്റ്രാണ് ലി മെങ്. 
 
വൈറസ് ബാധയപ്പറ്റി ലോകത്തോട് വെളിപ്പെടുത്തുന്നതിന് മുമ്പു തന്നെ ചൈനയിൽ രോഗം പടരുന്നുണ്ടായിരുന്നുവെന്നും അക്കാര്യം ചൈനീസ് ഭരണാധികാരികൾ മറച്ചുവെക്കുകയായിരുന്നുവെന്നും ഡോ. ലി മെങ് യാൻ  പറയുന്നു. വൈറസ് വ്യാപനത്തെപ്പറ്റി ഗവേഷണം നടത്താൻ ശ്രമിച്ചെങ്കിലും വൈറോളജി മേഖലയിലെ വിദഗ്ധൻ ആയിരുന്നിട്ടും തന്റെ സൂപ്പർവൈസർ അവയൊക്കെ നിരുത്സാഹപ്പെടുത്തിയെന്നും ലി മെങ് യാൻ പറയുന്നു. അന്ന് ഗവേഷണം നടത്താൻ ശ്രമിച്ച വൈറസ് രോഗമാണ് ഇന്ന് ലോകം മുഴുവൻ പടർന്ന കോവിഡ്-19  എന്ന് ഇവർ വ്യക്തമാക്കി. 
 
അന്ന് ഗവേഷണം നടന്നിരുന്നുവെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും ലി വ്യക്തമാക്കി. ഇന്ന് കോവിഡ്-19 എന്ന് വിളിക്കുന്ന മഹാമാരിയുടെ ആരംഭ സമയത്ത് അതേപ്പറ്റി ഗവേഷണം നടത്തിയ അഞ്ചു പേരിലൊരാളാണ് താനെന്നും ലി പറയുന്നു. തന്റെ സൂപ്പർവൈസറിനോട് സാർസിന് സമാനവും എന്നാൽ അതല്ലാത്തതുമായ വൈറസിനെപ്പറ്റി പറഞ്ഞിരുന്നു. എന്നാൽ ഇതിനെപ്പറ്റി വിദേശ വിദഗ്ധർക്ക് ചൈനയിൽ ഗവേഷണം നടത്തുവാൻ സർക്കാർ അനുവാദം നൽകിയില്ല.  
 
തുടർന്ന് സുഹൃത്തുക്കളെ ഉപയോഗിച്ച് വിവരം ശേഖരിക്കാനാണ് ശ്രമിച്ചത്. ഇതിലൂടെ വുഹാനിലാണ് രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടതെന്ന് ഇവർ കണ്ടെത്തി. ഡിസംബർ 31 ന് വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന കാര്യം ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ സുഹൃത്തുക്കൾ അറിയിച്ചു. എന്നാൽ അപ്പോഴും ചൈനയോ ലോകാരോഗ്യ സംഘടനോ ഇതേപ്പറ്റി ലോകത്തോട് പറഞ്ഞിരുന്നില്ല.

ഇതേ ദിവസമാണ് ന്യുമോണിയ ബാധിച്ച് 27 പേർ വുഹാനിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ഇതാണ് രോഗ വ്യാപനത്തിന്റെ തുടക്കമായി ലോകം അറിയുന്നത്. എന്നാൽ ജനുവരി ഒമ്പതിന് ലോകാരോഗ്യ സംഘടന പറഞ്ഞത് രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നായിരുന്നു.
 
അതിനിടെ വൈറസിനെ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കി സൂപ്പർവൈസറിനെ സമീപിച്ച സമയത്ത് ഇതേപ്പറ്റി ആരോടും സംസാരിക്കരുത് എന്ന മുന്നറിയിപ്പാണ് നൽകിയത്. ചുവപ്പു വര മുറിച്ചു കടക്കരുത്. അങ്ങനെ ചെയ്താൽ വലിയ കുഴപ്പങ്ങളുണ്ടാകുമെന്നും നമ്മൾ ഇല്ലാതാക്കപ്പെടുമെന്നും സൂപ്പർവൈസർ മുന്നറിയിപ്പ് നൽകിയെന്നും ഇവർ പറയുന്നു.
 
ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ലബോറട്ടറി ലോകാരോഗ്യ സംഘടനയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്. ലാബിന്റെ കോ ഡയറക്ടറായ പ്രൊഫ. മാലിക് പെയ്‌രിസ് രോഗ വ്യാപനത്തേപ്പറ്റി മുൻകൂർ വിവരങ്ങൾ ലഭിച്ചിട്ടും നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ല. ലോകാരോഗ്യ സംഘടനയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള ധാരണകളേപ്പറ്റി അറിയാമായിരുന്നതിനാൽ അതിൽ വലിയ അത്ഭുതമൊന്നും തോന്നിയിരുന്നില്ലെന്നും യാൻ പറയുന്നു.
 
ഈ യാഥാർഥ്യങ്ങൾ അറിയാമായിരുന്നുവെങ്കിലും ലോകത്തിന് തെറ്റായ വിവരങ്ങൾ നൽകുന്നതിനോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് തന്റെ കൈയിലുള്ള വിവരങ്ങൾ രഹസ്യമാക്കി വെച്ച് അമേരിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അവിടെ വെച്ച് വിവരങ്ങൾ പുറത്തുപറയുന്നത് ജീവൻ അപകടത്തിലാക്കും. സത്യം വിളിച്ചുപറയുന്നവർക്ക് ചൈനയിൽ എന്തും സംഭവിക്കാമെന്നും ലി മെങ് യാൻ പറയുന്നു. ഇനി തിരികെ അവിടേക്ക് പോകാൻ സാധിക്കില്ല. തന്റെ കരിയർ ചൈന നശിപ്പിച്ചുവെന്നും ലി ആ ആരോപിക്കുന്നു. 

എന്നാൽ ലി മെങ് യാനിന്റെ ആരോപണം ചൈന തള്ളിക്കളിഞ്ഞു. ഇവർ ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ജീവനക്കാരിയല്ലെന്നാണ് അമേരിക്കയിലെ ചൈനീസ് എംബസി പറയുന്നത്. ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഒഫീഷ്യൽ പേജിൽ നിന്ന് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യവുമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com