കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; 10 ഇന്ത്യക്കാരെ സിം​ഗപ്പുർ നാടുകടത്തി; ഇനി രാജ്യത്തേക്ക് പ്രവേശനമില്ല

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; 10 ഇന്ത്യക്കാരെ സിം​ഗപ്പുർ നാടുകടത്തി; ഇനി രാജ്യത്തേക്ക് പ്രവേശനമില്ല
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; 10 ഇന്ത്യക്കാരെ സിം​ഗപ്പുർ നാടുകടത്തി; ഇനി രാജ്യത്തേക്ക് പ്രവേശനമില്ല

സിംഗപ്പുർ: കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പത്ത് ഇന്ത്യക്കാരെ സിം​ഗപ്പുർ നാടുകടത്തി. നിയമ ലംഘനം തുടർച്ചയായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവർ നടപടി നേരിട്ടത്. വിദ്യാർഥികളടക്കമുള്ള പത്ത് ഇന്ത്യക്കാരെയാണ് സിംഗപ്പുർ നാടുകടത്തിയത്. ഇനി രാജ്യത്തേക്ക് തിരിച്ചുവരാൻ ഇവരെ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 

വാടകയ്‌ക്കെടുത്ത താമസ സ്ഥലത്ത് നിയമം ലംഘിച്ച് ഒത്തുകൂടിയതിനെ തുടർന്നാണ് രാജ്യത്ത് ജോലി ചെയ്തിരുന്നവരും വിദ്യാർഥികളും അടക്കമുള്ള പത്ത് ഇന്ത്യക്കാരെ നാടു കടത്തിയതെന്ന് സിംഗപ്പുർ പൊലീസും എമിഗ്രേഷൻ ആൻഡ് ചെക്ക്‌ പോയിന്റ് അതോറിറ്റിയും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നേരത്തെ 2000 മുതൽ 4500 സിംഗപ്പുർ ഡോളർ വരെ പിഴ ചുമത്തപ്പെട്ടവരാണ് വീണ്ടും നിയമ ലംഘനം നടത്തിയതെന്ന് അധികൃതർ പറയുന്നു.

ഇവർക്ക് അനുവദിച്ചിരുന്ന പാസുകളെല്ലാം റദ്ദാക്കിയിട്ടുണ്ടെന്നും നാടു കടത്തുകയാണെന്നും രാജ്യത്തേക്ക് തിരിച്ചുവരാൻ ഇനി അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കൽ അടക്കമുള്ളവ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിസയും വർക്ക് പാസും റദ്ദാക്കുമെന്നും സിംഗപ്പുർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കോവിഡ് വ്യാപനം തടയുന്നതിനുള്ള സർക്യൂട്ട് ബ്രേക്കർ നിയന്ത്രണങ്ങൾക്ക് സിംഗപ്പൂരിൽ ഏപ്രിൽ ഏഴിന് തുടക്കം കുറിച്ചിരുന്നു. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. ജനങ്ങൾ വീട്ടിൽതന്നെ കഴിയണമെന്നും ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നത് അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമെ പുറത്തിറങ്ങാവൂ എന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങൾ ജൂൺ രണ്ടിന് അവസാനിച്ചു.

തുറക്കൽ നടപടികളുടെ രണ്ടാം ഘട്ടം ജൂൺ 19-ന് തുടങ്ങി. കൂടുതൽ വ്യവസായശാലകൾക്കും ഓഫീസുകൾക്കും പ്രവർത്തിക്കാൻ ഇതോടെ അനുമതി ലഭിച്ചിരുന്നു. ഞായറാഴ്ചത്തെ കണക്കുപ്രകാരം 45961 കോവിഡ് രോഗികളാണ് സിംഗപ്പൂരിലുള്ളത്. 26 പേർ കോവിഡ് ബാധിച്ച് മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com