കടകളില്‍ കയറണമെങ്കില്‍ മാസ്‌ക് നിര്‍ബന്ധം; ഇല്ലെങ്കില്‍ നൂറു പൗണ്ട് പിഴ; കര്‍ശന നിയമവുമായി ഇംഗ്ലണ്ട്

ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായാണ് മാസ്‌ക് ഉപയോഗം കര്‍ശനമാക്കുന്നത്.
കടകളില്‍ കയറണമെങ്കില്‍ മാസ്‌ക് നിര്‍ബന്ധം; ഇല്ലെങ്കില്‍ നൂറു പൗണ്ട് പിഴ; കര്‍ശന നിയമവുമായി ഇംഗ്ലണ്ട്

ലണ്ടന്‍: കടകളില്‍ പ്രവേശിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി ഇംഗ്ലണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ നിയമം ഇംഗ്ലണ്ട് നടപ്പാക്കാന്‍ പോകുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായാണ് മാസ്‌ക് ഉപയോഗം കര്‍ശനമാക്കുന്നത്.

ജൂലൈ 24മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമം ലംഘിച്ചാല്‍ നൂറു പൗണ്ടാണ് പിഴ. പൊലീസിനാണ് നിരീക്ഷണ ചുമതല. മാസ്‌കും ഫെയ്‌സ് കവറുകളും ധരിക്കുന്നത് കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രധാന മാര്‍ഗമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ മുഖാവരണം നിര്‍ബന്ധമാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാണ് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആരോപിക്കുന്നത്.  സര്‍ക്കാരിന് എതിരെ ലണ്ടന്‍ മേയറും രംഗത്തെത്തിയിരുന്നു. മുഖാവരണങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിന് അവ്യക്തതയയുണ്ടായിരുന്നു. കൃത്യമായ ആശയ വിനിമയം ഇല്ലാത്തതിനോട് തനിക്ക് വിയോജിപ്പാണെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.

പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് മാത്രം മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ആദ്യം ഉത്തരവ് പുറപ്പെടുവിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളും മറ്റും തുറക്കുമ്പോള്‍ മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

അതേമയം യുകെയുടെ ഭാഗമായുള്ള സ്‌കോട്ട്‌ലാന്‍ഡില്‍ കടകളില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാണ്. എന്നാല്‍ വെയില്‍സിലും വടക്കന്‍ അയര്‍ലന്‍ഡിലും ഇത് നിര്‍ബന്ധമാക്കിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com