അഞ്ച് ദിവസത്തിനിടെ പത്ത് ലക്ഷത്തിലധികം രോഗികൾ; കോവിഡ് ബാധിതരുടെ എണ്ണം 1.33കോടിയോളം, ആശങ്കയൊഴിയാതെ ലോകം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th July 2020 08:40 AM |
Last Updated: 15th July 2020 08:40 AM | A+A A- |

പ്രതീകാത്മക ചിത്രം
വാഷിങ്ടൺ: ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 1.33 കോടിയോളമാണ്. 13,287,651 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ചുള്ള മരണം 5 .77 ലക്ഷത്തിലധികമായി. ഇതുവരെ 577,843 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
അമേരിക്കയിലും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കോവിഡ് ഏറ്റവും കൂടുതൽ പടർന്നു പിടിച്ച അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 34,28,553 ആണ്. 1,36,440 പേരാണ് യുഎസ്സിൽ കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീലാണ് രണ്ടാമതുള്ളതെങ്കിലും വെള്ളിയാഴ്ച മുതൽ രാജ്യത്തെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. 19,26,824 ഇവിടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 74,133 പേർ മരിച്ചു. ഇന്ത്യയിൽ രോഗവ്യാപനം വർദ്ധിക്കുകയാണ്. 9,06,752 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 23,727പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
റഷ്യ, പെറു, ചിലി എന്നീ രാജ്യങ്ങളാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ. റഷ്യയിൽ രോഗികൾ 7.38 ലക്ഷം പിന്നിട്ടു. പെറുവിൽ രോഗബാധിതർ 333,867 ആയി വർധിച്ചു. ചിലിയിൽ 319,493 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയാണ് രോഗം വേഗത്തിൽ പടരുന്ന മറ്റൊരു രാജ്യം. ഇവിടെ രോഗബാധിതരുടെ എണ്ണം 298,292 ആയി.
ലോകത്താകെ രോഗബാധിതരുടെ എണ്ണം 13 ദശലക്ഷം കടന്നത് ആശങ്കയുണ്ടാകുന്നതാണ്. അഞ്ച് ദിവസത്തിനുള്ളിലാണ് ഒരു ദശലക്ഷത്തിലധികം രോഗികളിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആറര മാസത്തിനിടെ അഞ്ച് ലക്ഷത്തിലേറെ പേർക്കാണ് ജിവൻ നഷ്ടപ്പെട്ടതും. ഈ സാഹര്യത്തിൽ രോഗപ്രതിരോധ മാർഗ്ഗങ്ങൾ പാലിച്ചില്ലെങ്കിൽ സാധാരണ നിലയിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.