91കാരനായ കുവൈറ്റ് അമീർ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികിത്സ; 91കാരനായ കുവൈറ്റ് ഭരണാധികാരി അമേരിക്കയിലേക്ക് പറന്നു
91കാരനായ കുവൈറ്റ് അമീർ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ സബ തുടര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. 91 കാരനായ കുവൈറ്റ് അമീര്‍ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കൂടുതല്‍ വൈദ്യസഹായം തേടി അമേരിക്കയിലേക്ക് പുറപ്പെട്ടതെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം എന്ത് അസുഖത്തിനാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. അമീര്‍ അമേരിക്കയിലേക്ക് പോയതിനാല്‍ ഭരണ തലപ്പത്ത് കുടുംബത്തില്‍ നിന്നൊരാള്‍ താത്കാലിക പ്രതിനിധിയാകും.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് തുടര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് റോയല്‍ കോര്‍ട്ട് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അമേരിക്കയില്‍ എവിടെയാണ് തുടര്‍ ചികിത്സ എന്ന കാര്യം രാജ കുടുംബവുമായി ബന്ധപ്പെട്ട മന്ത്രി ഷെയ്ഖ് അലി ജറ അല്‍ സബ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. 

ഇതിന് മുന്‍പും അമീറിനെ അമേരിക്കയില്‍ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. യുഎസിലെ ഏറ്റവും മികച്ച ആശുപത്രിയെന്ന് പേരെടുത്ത മയോ ക്ലിനിക്കിലായിരുന്നു ഇതിന് മുന്‍പ് അദ്ദേഹത്തെ ചികിത്സിച്ചത്. ഇത്തവണ മയോ ക്ലിനിക്കിലാണോ അദ്ദേഹത്തെ ചികിത്സിക്കുന്നത് എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. 

അമീര്‍ വഹിച്ചിരുന്ന ചില പ്രധാനപ്പെട്ട വകുപ്പുകള്‍ കീരീടാവകാശിയായ 83കാരന്‍ നവാഫ് അല്‍ അഹമ്മദ് അല്‍ സബ താത്കാലികമായി ഏറ്റെടുത്തതായി നേരത്തെ കുവൈറ്റ് അധികൃതര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമീറിന്റെ അമേരിക്കന്‍ യാത്ര സംബന്ധിച്ച വിവരങ്ങളും പുറത്തു വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com