അവിടെ പൂട്ടിയാല്‍ ഇവിടെയും; അമേരിക്കന്‍ കോണ്‍സുലേറ്റ് അടക്കണമെന്ന് ചൈന

അവിടെ പൂട്ടിയാല്‍ ഇവിടെയും; അമേരിക്കന്‍ കോണ്‍സുലേറ്റ് അടക്കണമെന്ന് ചൈന
അവിടെ പൂട്ടിയാല്‍ ഇവിടെയും; അമേരിക്കന്‍ കോണ്‍സുലേറ്റ് അടക്കണമെന്ന് ചൈന


ബെയ്ജിങ്: ഹൂസ്റ്റണിലുള്ള ചൈനീസ് കോണ്‍സുലേറ്റ് അടച്ചു പൂട്ടണമെന്ന് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വഷളായ അമേരിക്ക ചൈന ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തുന്നതായിരുന്നു യുഎസിന്റെ അപ്രതീക്ഷിത നീക്കം. ഇപ്പോഴിതാ തങ്ങളുടെ രാജ്യത്തെ അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ചൈനയും രംഗത്തെത്തി.

പടിഞ്ഞാറന്‍ നഗരമായ ചെങ്ഡുവിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ചൈന വെള്ളിയാഴ്ചയാണ് അമേരിക്കയോട് ഉത്തരവിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ ചൈനയുടെ ഈ പ്രതികാരം കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. 

ടെക്‌സസിലെ മെഡിക്കലടക്കമുള്ള  ഗവേഷണ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ചൈനീസ് ഏജന്റുമാര്‍ ശ്രമിക്കുന്നതായി വാഷിങ്ന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ഈ ആഴ്ച ട്രംപ് ഭരണകൂടം ഉത്തരവിട്ടത്. ഇതിനുള്ള തിരിച്ചടിയാണ് ചൈനയുടെ ഇപ്പോഴത്തെ നീക്കം. 

ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടിയ അമേരിക്കയുടെ നീതിരഹിതമായ നടപടിയോട് നിയമാനുസൃതമുള്ള ചൈനയുടെ പ്രതികരണമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ബന്ധം വഷളായി തീര്‍ന്നതിന്റെ ഉത്തരവാദിത്വം അമേരിക്കക്കാണെന്നും മന്ത്രാലയം പറഞ്ഞു. അമേരിക്കയുടെ തെറ്റായ തീരുമാനം ഉടനടി പിന്‍വലിക്കാനും ഉഭയകക്ഷി ബന്ധം വീണ്ടും സൗഹാര്‍ദ്ദപരമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് പൂട്ടിയ അമേരിക്കയുടെ ഏകപക്ഷീയമായ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ബെയ്ജിങ് ആവശ്യമായ, നിയമപരമായ ഉറച്ച പ്രതികരണങ്ങള്‍ നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ചൈന അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com