വളർത്തു പൂച്ചയ്ക്ക് കോവിഡ്; പകർന്നത് ഉടമയിൽ നിന്ന്

വളർത്തു പൂച്ചയ്ക്ക് കോവിഡ്; പകർന്നത് ഉടമയിൽ നിന്ന്
വളർത്തു പൂച്ചയ്ക്ക് കോവിഡ്; പകർന്നത് ഉടമയിൽ നിന്ന്

ലണ്ടൻ: ബ്രിട്ടനിൽ വളർത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെയിൽ മൃഗങ്ങളിൽ രോഗം കണ്ടെത്തിയ ആദ്യ സംഭവമാണിത്. നേരത്തെ അമേരിക്കയിൽ വളർത്തു പട്ടികൾക്കും മൃഗശാലയിലെ കടുവയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് പൂച്ചയ്ക്ക് കോവിഡ് ബാധിച്ചത് പുറത്തു വരുന്നത്. 

യുകെയുടെ ചീഫ് വെറ്ററിനറി ഓഫീസർ ക്രിസ്റ്റിൻ മിഡിൽമിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉടമസ്ഥന് കോവിഡ് ബാധിച്ചുവെന്നും ഇതിന് പിന്നാലെ പൂച്ചയിൽ നിന്നെടുത്ത സാമ്പിൾ പരിശോധിച്ചതോടെ പൂച്ചയിലും രോഗം കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ അമേരിക്കയിലെ ടെക്‌സാസിൽ വളർത്തു പട്ടികളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റ് ചില രാജ്യങ്ങളിലും സമാനമായി വളർത്തു മൃഗങ്ങളിൽ കൊവിഡ് ഫലം പൊസിറ്റീവായിരുന്നു. എന്നാൽ മനുഷ്യരുമായി അടുത്തിടപഴകാത്ത മൃഗങ്ങളിൽ കോവിഡ് പിടിപെടുന്നില്ലെന്നും, വളർത്തു മൃഗങ്ങളാണ് കൂടുതലും ഭീഷണി നേരിടുന്നതെന്നുമാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. അതേസമയം, വളർത്തു മൃഗങ്ങളിൽ രോഗം കണ്ടെത്തിയെന്നോർത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com