ഓസ്‌ട്രേലിയയിലെ കാട്ടുതീ; ചത്തൊടുങ്ങിയത് 300 കോടി മൃഗങ്ങള്‍ 

ഓസ്‌ട്രേലിയയിലെ കാട്ടുതീയില്‍ ചത്തൊടുങ്ങിയത് 300 കോടി മൃഗങ്ങള്‍ 
ഓസ്‌ട്രേലിയയിലെ കാട്ടുതീ; ചത്തൊടുങ്ങിയത് 300 കോടി മൃഗങ്ങള്‍ 

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍ കാട്ടുതീയില്‍ കോടിക്കണക്കിന് മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായതായി ശാസ്ത്രജ്ഞര്‍. ഏതാണ്ട് 300 കോടി മൃഗങ്ങള്‍ ചത്തൊടുങ്ങുകയോ കാണാതാകുകയോ ചെയ്തതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. 

വേള്‍ഡ് വൈഡ് ഫൗണ്ട് ഫോര്‍ നാച്വര്‍ (ഡബ്ല്യുഡബ്ല്യുഎഫ്) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 'ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വന്യജീവി ദുരന്തം' എന്നാണ് തീപിടിത്തത്തെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. 

സസ്തനികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, തവളകള്‍ തുടങ്ങി ചെറുതും വലുതുമായി എല്ലാ ജീവികളേയും തീ സാരമായി തന്നെ ബാധിച്ചു. കാട്ടുതീ കാര്യമായി നാശം വിതച്ച ജനുവരി മാസത്തില്‍ ന്യൂസൗത്ത് വെയ്ല്‍സ്, വിക്ടോറിയ എന്നിവിടങ്ങളില്‍ മാത്രമായി 125 കോടി മൃഗങ്ങളാണ് കത്തിച്ചാമ്പലായത്.   

കഴിഞ്ഞ വേനലിലാണ് ലോകത്തെ നടുക്കി ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചത്. ഓസ്‌ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും തീ ആളിപ്പടര്‍ന്നു. 33 മനുഷ്യര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുണ്ടായ കാട്ടുതീയില്‍ ഏതാണ്ട് 11.46 ദശലക്ഷം ഹെക്ടര്‍ വനം കത്തി നശിച്ചു.

കാട്ടുതീയില്‍പ്പെട്ട് ഏതാണ്ട് 113ഓളം ജീവി വര്‍ഗങ്ങള്‍ക്ക് നാശം സംഭവിച്ചതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ തെക്ക്, കിഴക്ക് മിതശീതോഷ്ണ വനങ്ങളിലും പുല്‍മേടുകളിലുമായി ആവാസ വ്യവസ്ഥയുടെ 30 ശതമാനമെങ്കിലും നഷ്ടപ്പെട്ടതായും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കിയിരുന്നു. 

എത്ര മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി എന്ന്  കൃത്യമായി പറയുക അസാധ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ക്രിസ് ഡിക്ക്മാന്‍ പറയുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള പത്തോളം പ്രൊഫസര്‍മാരാണ് കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ട മൃഗങ്ങളുടെ കണക്കെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com