മദ്യലഹരിയിൽ കിടന്നുറങ്ങിയ അമ്മ കുഞ്ഞിന്റെ മുകളിലൂടെ ഉരുണ്ടു, ശ്വാസം മുട്ടി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; കുറ്റകൃത്യമല്ലെന്ന് കോടതി‌ 

യുവതിയുടെ 20 വർഷത്തെ ശിക്ഷ റദ്ദാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ്ടൺ: മദ്യലഹരിയിൽ അമ്മ മക്കൾക്കൊപ്പം കിടന്നുറങ്ങുകയും നാല് മാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ യുവതി കുറ്റക്കാരിയല്ലെന്ന് കോടതി. മെരിലാൻഡ് ഹൈക്കോടതിയാണ് ബാൾട്ടിമോറിലെ മ്യൂരിയൽ മോറിസൺ എന്ന യുവതിയെ കുറ്റവിമുക്തയാക്കിയത്. ഇവരുടെ 20 വർഷത്തെ ശിക്ഷ റദ്ദാക്കുകയും ചെയ്തു. 

2013 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2016-ൽ നടന്ന വിചാരണയിൽ താൻ 12 ഔൺസ് ബിയറും, 40 ഔൺസ് മദ്യവും കഴിച്ചതായി മ്യൂരിയൽ സമ്മതിച്ചിരുന്നു.  കുഞ്ഞിനൊപ്പം കിടന്നുറങ്ങി പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോഴാണ് മ്യൂരിയൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. ഉറക്കത്തിൽ അമ്മ സഹോദരിയുടെ മുകളിലൂടെ ഉരുണ്ടുവെന്നും വിളിച്ചെണീപ്പിക്കാൻ ശ്രമിച്ചെങ്കിലും അറിഞ്ഞില്ലെന്നും സംഭവം നടക്കുമ്പോൾ നാലുവയസ്സുണ്ടായിരുന്ന മ്യൂരിയന്റെ മൂത്തമകൾ മൊഴിനൽകിയിരുന്നു. 

കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി എന്ന നിലയിൽ മ്യൂരിയലിനെതിരെ കുറ്റം ചുമത്തി ശിക്ഷിച്ചു. എന്നാൽ കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തെറ്റാണെന്ന് പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മെരിലാൻഡിലെ ഹൈക്കോടതി ഇവരെ കുറ്റവിമുക്തയാക്കുകയായിരുന്നു. കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തെറ്റല്ലെങ്കിലും മദ്യപിച്ചുകൊണ്ട് കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് കുട്ടിയുടെ ജീവന് വെല്ലുവിളി ഉയർത്തുന്നതാണെന്നും മ്യൂരിയലിന്റെ പ്രവൃത്തി അശ്രദ്ധയുടെ തെളിവാണെന്നുമായിരുന്നു പ്രോസിക്യൂട്ടർമാരുടെ വാദം. കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തന്റെ കുടുംബത്തിൽ പതിവാണെന്നും കുട്ടിയായിരിക്കുമ്പോൾ താനും അമ്മയ്ക്കൊപ്പം ഒരേ കിടക്കയിൽ കിടന്നുറങ്ങിയിട്ടുണ്ടെന്നും മ്യൂരിയെൽ കോടതിയെ ബോധിപ്പിച്ചു. 

മ്യൂരിയലിനെതിരെ കുറ്റംചുമത്തിയാൽ വിവിധ സാഹചര്യങ്ങളിലുളള സ്ത്രീകൾക്കിടയിൽ അത് അസമത്വം സൃഷ്ടിക്കുമെന്ന് ജഡ്ജിമാരിൽ ഒരാളായ ഷെർളി എം വാട്സ് അഭിപ്രായപ്പെട്ടു.  

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com