'രണ്ട് വെന്റിലേറ്റര്‍ മാത്രം, മറ്റ് മെഡിക്കല്‍ സേവനങ്ങള്‍ ഇല്ല, ഭക്ഷണവുമില്ല'; പാകിസ്ഥാനിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍ ജനങ്ങള്‍ സഹായത്തിനായി കരയുന്നു

 കോവിഡ് വ്യാപനം തുടരുന്ന പാകിസ്ഥാനില്‍ ആവശ്യത്തിന് മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലാത്തതില്‍ ജനങ്ങള്‍ക്ക് ആശങ്ക
'രണ്ട് വെന്റിലേറ്റര്‍ മാത്രം, മറ്റ് മെഡിക്കല്‍ സേവനങ്ങള്‍ ഇല്ല, ഭക്ഷണവുമില്ല'; പാകിസ്ഥാനിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍ ജനങ്ങള്‍ സഹായത്തിനായി കരയുന്നു

ഇസ്ലാമാബാദ്:  കോവിഡ് വ്യാപനം തുടരുന്ന പാകിസ്ഥാനില്‍ ആവശ്യത്തിന് മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലാത്തതില്‍ ജനങ്ങള്‍ക്ക് ആശങ്ക. കോവിഡ് വ്യാപനം ഏല്‍പ്പിച്ച സാമ്പത്തിക ആഘാതത്തെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിച്ചുനല്‍കാന്‍ കഴിയാത്തതും പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെയുളള വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ചൈനയിലുളള സിന്‍ജിയാങ് പ്രവിശ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് പാകിസ്ഥാന്‍ വാര്‍ത്തകളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതിനോടകം ഈ മേഖലയില്‍ 800ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ രോഗികളുടെ ചികിത്സയ്ക്ക് ആവശ്യത്തിന് മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ആക്ഷേപത്തിന് ഇടയാക്കുന്നത്. ഗില്‍ജിത്ത്- ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ആകെ രണ്ട് വെന്റിലേറ്റര്‍ സംവിധാനം മാത്രമാണ് ഉളളത്. പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് വേണ്ട സഹായങ്ങളും ഈ പ്രദേശത്തുളളവര്‍ക്ക് ലഭിച്ചിട്ടില്ല. മെഡിക്കല്‍ സഹായം, വിതരണം തുടങ്ങി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഇതുവരെ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാനില്‍ വ്യാഴാഴ്ച വരെയുളള കണക്ക് അനുസരിച്ച് 85,264 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 4688 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഈ സമയപരിധിയില്‍ 82പേര്‍ക്കാണ് മരണം സംഭവിച്ചത്. ഇതുവരെ 1770 പേര്‍ക്കാണ് മഹാമാരിയെ തുടര്‍ന്ന് പാകിസ്ഥാനില്‍ ജീവന്‍ നഷ്ടമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com