പ്രസിഡന്റിന്റെ വസതിയില്‍ വെച്ച് മുന്‍പ്രധാനമന്ത്രി കയറിപ്പിടിച്ചു ; മുന്‍ ആഭ്യന്തരമന്ത്രി ബലാല്‍സംഗം ചെയ്തു ; ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ യുവതി

പ്രസിഡന്റിന്റെ വസതിയില്‍ വെച്ച് മുന്‍പ്രധാനമന്ത്രി കയറിപ്പിടിച്ചു ; മുന്‍ ആഭ്യന്തരമന്ത്രി ബലാല്‍സംഗം ചെയ്തു ; ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ യുവതി

2011ല്‍ റഹ്മാന്‍ മാലിക് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് പാനീയത്തില്‍ മയക്കു മരുന്ന് നല്‍കി തന്നെ പീഡനത്തിരയാക്കി

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ ബ്ലോഗര്‍ രംഗത്തെത്തി. പിപിപി നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ റഹ്മാന്‍ മാലിക് തന്നെ ബലാല്‍സംഗം ചെയ്തതായി പ്രശസ്ത അമേരിക്കന്‍ ബ്ലോഗര്‍ സിന്തിയ ഡി റിച്ചി ആരോപിച്ചു.

2011ല്‍ റഹ്മാന്‍ മാലിക് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് പാനീയത്തില്‍ മയക്കു മരുന്ന് നല്‍കി തന്നെ പീഡനത്തിരയാക്കിയെന്നാണ് സിന്തിയയുടെ ആരോപണം. ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ് വീഡിയോയയിലൂടെയാണ് സിന്തിയ ആരോപണം ഉന്നയിച്ചത്.

മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും മുന്‍ ആരോഗ്യ മന്ത്രി മഖ്ദൂം ഷഹാബുദ്ദീനും തന്നെ ശാരീരികമായി ഉപദ്രവിച്ചു. ഇസ്ലാമബാദിലെ പ്രസിഡന്റിന്റെ വസതിയില്‍ വെച്ചായിരുന്നു ശരീരികമായി അപമാനിച്ചത്. പിപിപി നേതാവും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ ആസിഫ് അലി സര്‍ദാരിയായിരുന്നു അപ്പോള്‍ പ്രസിഡന്റെന്നും സിന്തിയ വെളിപ്പെടുത്തി.

ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഇപ്പോഴും തന്റെ പക്കലുണ്ട്. അടുത്ത ആഴ്ച തന്നെ ഇത് പുറത്തുവിടും. നിഷ്പക്ഷ, അന്വേഷണാത്മക പത്രപ്രവര്‍ത്തകന് ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ കൈമാറുമെന്നും പാകിസ്ഥാനിൽ താമസമാക്കിയ സിന്തിയ ഡി റിച്ചി  പറഞ്ഞു. സിന്തിയയുടെ ആരോപണത്തോടെ പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പിപിപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.  

സിന്തിയ റിച്ചിക്കെതിരെ പിപിപി പെഷാവര്‍ ജില്ലാ പ്രസിഡന്റ് സുല്‍ഫീഖര്‍ അഫ്ഗാനി കഴിഞ്ഞ ആഴ്ച ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിക്ക്‌ പരാതി നല്‍കിയിരുന്നു. 'ഇന്‍സെന്റ് കറസ്‌പോണ്ടന്‍സ്:ബേനസീര്‍ ഭൂട്ടോയുടെ രഹസ്യ ലൈംഗിക ജീവിതം' എന്ന പേരിലുള്ള പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ സിന്തിയ ഡി റിച്ചി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് പരാതിക്കാധാരം. ബേനസീര്‍ ഭൂട്ടോയും ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയും തമ്മിലുള്ള ദാമ്പത്യ ജീവിതം സംബന്ധിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സിന്തിയ നടത്തിയെന്നായിരുന്നു പരാതി.

ബേനസീര്‍ ഭൂട്ടോ, മകനും പിപിപിയുടെ നിലവിലെ ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഷെറി റഹ്മാന്‍ എന്നിവരുടെ രഹസ്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുസ്തകത്തില്‍ പറയുന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com