ഗല്‍വാന്‍ താഴ്‌വരയുടെ പരമാധികാരം തങ്ങള്‍ക്കെന്ന് ചൈന; ഇന്ത്യ കടന്നുകയറിയെന്ന് ആവര്‍ത്തിച്ച് വക്താവ്

ഗല്‍വാന്‍ താഴ്‌വരയുടെ പരമാധികാരം തങ്ങള്‍ക്കെന്ന് ചൈന; ഇന്ത്യ കടന്നുകയറിയെന്ന് ആവര്‍ത്തിച്ച് വക്താവ്
സാവോ ലിജിയാന്‍
സാവോ ലിജിയാന്‍

ബെയ്ജിങ്: ഗല്‍വാന്‍ താഴ്‌വരയുടെ പരമാധികാരം എന്നും തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന് ചൈന. ഇതു ലംഘിച്ച് കടന്നുകയറുകയാണ് ഇന്ത്യന്‍ സേന ചെയ്തതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ ആരോപിച്ചു. കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇരുത്തിരിഞ്ഞ സമവായത്തിന് എതിരായിരുന്നു ഇന്ത്യന്‍ സേനയുടെ നടപടിയെന്ന് ചൈനീസ് വക്താവ് ആവര്‍ത്തിച്ചു.

അതിര്‍ത്തി സേനയെ അച്ചടക്കത്തോടെ നിര്‍ത്താന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയാണെന്ന് ചൈനീസ് വക്താവ് പറഞ്ഞു. അതിര്‍ത്തി ലംഘിച്ചു കടന്നുകയറുന്നതും പ്രകോപനം സൃഷ്ടിക്കുന്നതും അവസാനിപ്പിക്കണം. തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലുടെ പരിഹരിക്കുക എന്ന മാര്‍ഗത്തിലേക്ക് ഇന്ത്യ തിരിച്ചുവരണമെന്ന് ലിജിയാന്‍ പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തില്‍ ഇരുപക്ഷത്തും ആള്‍നാശമുണ്ടായെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ കമാന്‍ഡിങ് ഓഫിസര്‍ ഉള്‍പ്പെടെ ഇരുപത് സൈനികര്‍ മരിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയുടെ കമാന്‍ഡിങ് ഓഫിസറും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് പക്ഷത്ത് 43 പേര്‍ മരിച്ചതായാണ് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇതു സ്ഥിരീകരിച്ചിട്ടില്ല.

നിയന്ത്രണരേഖയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരു രാജ്യങ്ങളും നടത്തിയ നീക്കത്തെ ഐക്യരാഷ്ട്ര സഭ പ്രശംസിച്ചു. ചൈനയുമായുളള ഏറ്റമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ അമേരിക്ക അനുശോചിച്ചു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നടപടികള്‍ സ്വീകരിക്കണമെന്നും അമേരിക്ക വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com