കോവിഡ് വാക്‌സിന്‍ ഉടന്‍; ആര്‍ക്കായിരിക്കും ആദ്യം ലഭിക്കുക?

കോവിഡ് വാക്‌സിന്‍ ഉടന്‍; ആര്‍ക്കായിരിക്കും ആദ്യം ലഭിക്കുക?
കോവിഡ് വാക്‌സിന്‍ ഉടന്‍; ആര്‍ക്കായിരിക്കും ആദ്യം ലഭിക്കുക?

വാഷിങ്ടന്‍: കോവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടാനുള്ള തീവ്ര ശ്രമത്തിലാണ് ലോകം. വൈറസിനെ അടക്കാനുള്ള ഫലപ്രദമായ മരുന്നോ വാക്‌സിനോ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. കോവിഡ് ഏറ്റവും വലിയ നാശം വിതയ്ക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഏത് രാജ്യമാണോ വാക്‌സിന്‍ ആദ്യം കണ്ടെത്തുന്നത് ആ രാജ്യത്തെ ജനങ്ങള്‍ക്കായിരിക്കും അതിന്റെ പ്രയോജനം ആദ്യം തന്നെ ലഭിക്കുക.

അമേരിക്കയിലും ബ്രിട്ടനിലും ചൈനയിലുമൊക്കെ വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണത്തിലാണ് ശാസ്ത്ര ലോകം. പല രാജ്യങ്ങളിലും പരീക്ഷണം വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ക്കായി ലോകത്തെ നിരവധി രാജ്യങ്ങള്‍ ഇതിനോടകം തന്നെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ നിര്‍മാണത്തിനായി അമേരിക്കയും ബ്രിട്ടനും നിക്ഷേപം നടത്തിയത് ഇതിന് ഉദാഹരണമാണ്. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി വികസിപ്പിച്ചെടുക്കുന്ന ഈ വാക്‌സിന്‍ അസ്ട്രസിനിയേക്കയാണ് നിര്‍മിക്കുന്നത്. പരീക്ഷണം വിജയിച്ച് വാക്‌സിന്‍ പുറത്തിറങ്ങിയാല്‍ ബ്രിട്ടനിലെ എല്ലാ ജനങ്ങള്‍ക്കും കുത്തിവയ്പ്പ് നടത്തുമെന്ന് ബ്രിട്ടീഷ് രാഷ്ട്രീയ നേതൃത്വം വ്യക്തമാക്കി.

അതേസമയം ഏത് രാജ്യമാണോ വാക്സിൻ വികസിപ്പിക്കുന്നത് ആ രാജ്യത്തെ ജനങ്ങൾക്ക് ആദ്യം തന്നെ അതിന്റെ പ്രയോജനം ലഭിക്കുമോ എന്ന ചോ​ദ്യം ഉയരുന്നുണ്ട്. പരീക്ഷണാ‍ടിസ്ഥാനത്തിൽ നിർമിക്കുന്ന വാക്സിനുകൾക്ക് പോലും പല സമ്പന്ന രാഷ്ട്രങ്ങളും ഇപ്പോൾ തന്നെ ഓർഡർ നൽകി കാത്തിരിക്കുന്നുണ്ട്. ഒരു രാജ്യത്ത് നിർമിക്കുന്ന വാക്സിൻ മറ്റിടങ്ങളിലേക്ക് വലിയ തോതിൽ കയറ്റി അയക്കാനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാ​ഗമായി നടക്കും. ഇത് വലിയ വിവാദത്തിനും വഴിയൊരുക്കുന്നുണ്ട്.

വാക്‌സിന്‍ വിതരണത്തിനായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലോകാരോഗ്യ സംഘടന ഉടന്‍ പുറത്തിറക്കും. ഏകീകൃത സംവിധാനത്തിലൂടെ മാത്രമേ ഒരു രാജ്യത്ത് വാക്‌സിന്‍ വിതരണം സാധ്യമാകു. ഇതിനായുള്ള ശ്രമം തുടരുകയാണെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. കോവിഡ് അപകട സാധ്യത ഏറ്റവും കൂടുതല്‍ ഉള്ള ആളുകള്‍ക്കായിരിക്കും വാക്‌സിന്‍ ആദ്യം നല്‍കുകയെന്ന് അധികൃതര്‍ പറയുന്നു.

ഈ വര്‍ഷം അവസാനത്തോടെ അല്ലെങ്കില്‍ 2021ന്റെ തുടക്കമാകുമ്പോഴേക്കും കോവിഡ് 19നെ ഇല്ലാതാക്കാനുള്ള ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് അമേരിക്കയിലെ മുന്‍നിര പകര്‍ച്ചവ്യാധി വിദഗ്ധനായ ആന്റണി ഫൗസി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

മൂന്നാം ലോക രാജ്യങ്ങളിലേക്ക് വാക്‌സിന്‍ നല്‍കുന്നതിനായി 'ഗവി' ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാക്‌സിന്‍ നിര്‍മാണത്തിനായി ആസ്ട്രാസിനിയേക്ക ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന് ലൈസന്‍സ് നല്‍കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com