ഓരോ 18 സെക്കന്‍ഡിലും ഒരാള്‍, മണിക്കൂറില്‍ 196; ഞെട്ടിക്കുന്ന ലോകത്തിന്റെ മരണക്കണക്ക്

ലോകത്ത് ഓരോ മണിക്കൂറിലും ശരാശരി 196 പേര്‍ വീതം കോവിഡ് ബാധിച്ച് മരിക്കുന്നതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: ലോകത്ത് ഓരോ മണിക്കൂറിലും ശരാശരി 196 പേര്‍ വീതം കോവിഡ് ബാധിച്ച് മരിക്കുന്നതായി റിപ്പോര്‍ട്ട്. ഓരോ 18 സെക്കന്‍ഡിലും ഒരാള്‍ക്ക് വീതം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമാകുന്നു. മരണത്തില്‍ മൂന്നിലൊന്ന് അമേരിക്കയിലാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകത്ത് മരണസംഖ്യ അഞ്ച് ലക്ഷം കടന്ന പശ്ചാത്തലത്തിലാണ് ഞെട്ടിപ്പിക്കുന്ന കണക്ക്. കോവിഡിന്റെ ആദ്യ തരംഗത്തോട് പോരാടുകയാണ് നല്ലൊരു ശതമാനം രാജ്യങ്ങള്‍. കോവിഡ് നിയന്ത്രണവിധേയമായ ചില രാജ്യങ്ങളില്‍ വീണ്ടും വൈറസ് ബാധ കണ്ടുവരുന്നത് ആശങ്കപ്പെടുത്തുകയാണ്.

ആഗോളതലത്തില്‍ മരണനിരക്ക് കുറഞ്ഞു വരുന്നുണ്ട്. എന്നാല്‍ അമേരിക്കയിലും ഇന്ത്യയിലും ബ്രസീലിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്ക രേഖപ്പെടുത്തി. എല്ലാ 24 മണിക്കൂറിലും ശരാശരി 4700 പേര്‍ വീതമാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ ജൂണ്‍ 27 വരെയുളള റോയിട്ടേഴ്‌സ് ഡേറ്റയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അമേരിക്കയ്ക്ക് പുറമേ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. യൂറോപ്പിനെ കടത്തിവെട്ടിയാണ് ലാറ്റിന്‍ അമേരിക്ക കുതിക്കുന്നത്. മഹാമാരി ഏറ്റവുമധികം ബാധിച്ച രണ്ടാമത്തെ മേഖലയായാണ് ലാറ്റിന്‍ അമേരിക്ക മാറുന്നത്. കോവിഡ് മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതാണ് മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഭീഷണിയാകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com