ഡല്‍ഹിയില്‍ കൂടിയാലോചനകള്‍ നടക്കുന്നു; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

ഒലി ഭരണത്തില്‍ നിന്ന് മാറണം എന്നാവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹലിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം രംഗത്ത് വന്നിരുന്നു
ഡല്‍ഹിയില്‍ കൂടിയാലോചനകള്‍ നടക്കുന്നു; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: അധികാരത്തെച്ചൊല്ലി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പോര് മുറുകവെ തന്നെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു എന്ന ആരോപണവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രംഗത്ത്. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ ഇന്ത്യ സഹായിക്കുന്നു എന്നാണ് ഒലി ആരോപിച്ചിരിക്കുന്നത്. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഒലി ഭരണത്തില്‍ നിന്ന് മാറണം എന്നാവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹലിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം രംഗത്ത് വന്നിരുന്നു. ഈ നീക്കത്തെക്കുറിച്ച് പ്രതികരിക്കവെയാണ് ഒലി ഇന്ത്യക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന മദന്‍ ഭണ്ഡാരിയുടെ 69ാം ജനവാര്‍ഷികത്തില്‍ സംസാരിക്കവെയാണ് ഒലി ഇത് പറഞ്ഞത്. കാലാപാനിയും ലിപു ലേഖും രാജ്യത്തിന്റെ ഭാഗമാക്കിക്കൊണ്ടുള്ള ഭൂപടം അംഗീകരിച്ചുകൊണ്ട് ഭരണഘടന ഭേദഗതി വരുത്തിയതിന് പിന്നാലെ തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഡല്‍ഹിയില്‍ മീറ്റുങ്ങുകള്‍ നടന്നു എന്ന് അദ്ദേഹം ആരോപിച്ചു.

പുറത്തുനിന്നുള്ള ശക്തികള്‍ക്ക് അട്ടിമറിക്കാന്‍ തക്കതിന് ദുര്‍ബലമല്ല നേപ്പാളിന്റെ ദേശീയതയെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം- അദ്ദേഹം പറഞ്ഞു. രാജിവെക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അടിയൊഴുക്കുകള്‍ തനിക്ക് മനസിലാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംബസികളിലും ഹോട്ടലുകളിലുമായി പലനീക്കങ്ങളും നടക്കുന്നുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ചൈനയുമായി വ്യാപാര കരാര്‍ ഒപ്പിട്ടതിന് പിന്നാലെ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായി. എന്നാല്‍ അന്ന് ആവശ്യത്തിന് ഭൂരിപക്ഷമുണ്ടായിരുന്നില്ല.  ഇന്ന് തനിക്ക് സഭയില്‍ കൃത്യമായ ഭൂരിപക്ഷമുണ്ട്. ആര്‍ക്കും തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാകില്ലെന്നും ഒലി പറഞ്ഞു.

ഒലി രാജിവച്ചില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള വഴികള്‍ ആലോചിക്കേണ്ടിവരുമെന്ന് പുഷ്‌കമാല്‍ ദഹല്‍ വ്യക്തമാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com