ചൈനയില്‍ നിന്ന് അടുത്ത ഭീഷണി, പുതിയ വൈറസ് കണ്ടെത്തി; അതിവേഗം പടരും, മുന്‍കരുതല്‍ ഇല്ലെങ്കില്‍ ലോകമെങ്ങും വ്യാപിക്കുമെന്ന് മുന്നറിയിപ്പ്

ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി.
ചൈനയില്‍ നിന്ന് അടുത്ത ഭീഷണി, പുതിയ വൈറസ് കണ്ടെത്തി; അതിവേഗം പടരും, മുന്‍കരുതല്‍ ഇല്ലെങ്കില്‍ ലോകമെങ്ങും വ്യാപിക്കുമെന്ന് മുന്നറിയിപ്പ്

ബീജിംഗ്: ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി. മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് ചൈനയില്‍ കണ്ടെത്തിയത്. മുന്‍കരുതല്‍ ഇല്ലെങ്കില്‍ ലോകമെങ്ങും പടര്‍ന്നേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പന്നികളില്‍ വ്യാപിക്കുന്ന വൈറസാണ് മനുഷ്യരില്‍ കണ്ടെത്തിയത്. തത്കാലം ഭീഷണിയില്ലെങ്കിലും സൂക്ഷ്മ നിരീക്ഷണം നടത്തണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജി 4 എന്നാണ് പുതിയ വൈറസിന് നല്‍കിയിരിക്കുന്ന പേര്. എച്ച് വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ടതാണ് ജി 4 വൈറസ് എന്നാണ് അമേരിക്കന്‍ സയന്‍സ് ജേര്‍ണലായ പിഎന്‍എഎസ് പറയുന്നത്.

2009ലാണ് എച്ച്‌വണ്‍എന്‍വണ്‍ വൈറസ് മഹാമാരിക്ക് കാരണമായത്. പുതിയ വൈറസും മനുഷ്യനിലേക്ക് പടരാനുളള എല്ലാ സാധ്യതയുമുണ്ട്. 2011-2018 കാലഘട്ടത്തില്‍ ചൈനയില്‍ നിന്ന് 30000 പന്നികളുടെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. ഇതില്‍ നിന്ന് പന്നിപ്പനി പടര്‍ത്തുന്ന 179 വൈറസിനെ വേര്‍തിരിച്ചെടുത്തു. 2016 മുതല്‍ വ്യാപകമായ തോതില്‍ പന്നികളില്‍ ഈ വൈറസിനെ കണ്ടുവരുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മഴക്കാലം, മഞ്ഞുകാലം പോലെ പ്രത്യേക കാലത്ത് വരുന്ന പനികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് മനുഷ്യന്‍ സ്വാഭാവികമായി രോഗപ്രതിരോധ ശേഷി നേടാറുണ്ട്. എന്നാല്‍ ജി ഫോര്‍ വൈറസില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് ആവശ്യമായ രോഗപ്രതിരോധ ശേഷി മനുഷ്യന്‍ നേടിയിട്ടില്ലെന്ന് ഇതുവരെയുളള പരിശോധനകള്‍ വ്യക്തമാക്കുന്നതായും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൈനയിലെ പന്നി ഫാമുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 10.4 ശതമാനം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളില്‍ 4.4 ശതമാനം പേരില്‍ രോഗാണു ഉണ്ടാവാനുളള സാധ്യത തളളിക്കളയാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാനുളള സാധ്യത ഇതുവരെ കണ്ടെത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com