കൊറോണ : ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത് ; കരിപ്പൂരിൽ നിന്നുള്ള വിമാനം റദ്ദാക്കി

ഇന്ത്യയ്ക്ക് പുറമേ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ലബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങൾക്കും വിലക്കുണ്ട് 
കൊറോണ : ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത് ; കരിപ്പൂരിൽ നിന്നുള്ള വിമാനം റദ്ദാക്കി

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ ഏഴുരാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്ത് ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. ഇതേത്തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി.  വിമാനത്തില്‍ യാത്രചെയ്യാനായി എത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. 

കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇന്ത്യയ്ക്ക് പുറമേ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ലബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ അനുവദിക്കില്ലെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.  

നേരത്തെ കുവൈത്തിലേക്ക് വരുന്ന വിദേശികള്‍ കൊറോണ വൈറസ് ബാധിതരല്ലെന്ന് അംഗീകാരമുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. പിന്നീട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെട്ടതിനെ തുടർന്ന് നിയന്ത്രണം നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com