കോവിഡ് പരിശോധന നടത്തി, റിസല്‍ട്ടിനായി കാത്തിരിക്കുന്നുവെന്ന് ട്രംപ്; ബ്രിട്ടനിലേക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎസ് 

അമേരിക്കയില്‍  കൊവിഡ് 19 ബാധിച്ച് 50 പേര്‍ മരിച്ചെന്നും ട്രംപ്
കോവിഡ് പരിശോധന നടത്തി, റിസല്‍ട്ടിനായി കാത്തിരിക്കുന്നുവെന്ന് ട്രംപ്; ബ്രിട്ടനിലേക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎസ് 

വാഷിങ്ടണ്‍: താന്‍ കോവിഡ് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പരിശോധന. വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. 

യുഎസില്‍ നിന്ന് ഇംഗ്ലണ്ട്, അയര്‍ലണ്ട്  എന്നീ രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ട്രംപുമായും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായും സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും കൊവിഡ് പരിശോധന നടത്തും. അമേരിക്കയില്‍  കൊവിഡ് 19 ബാധിച്ച് 50 പേര്‍ മരിച്ചെന്നും ട്രംപ് പറഞ്ഞു. 

വൈറസ് ബാധ സംശയിച്ച് ട്രംപിന്റെ മകള്‍ ഇവാന്‍കയും നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയ സാഹചര്യത്തിലാണ് ഇവാന്‍കാ ട്രംപ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊറോണ വൈറസ് സ്ഥിരീകരിച്ച ഓസ്‌ട്രേലിയന്‍ മന്ത്രിയുമായി കഴിഞ്ഞാഴ്ചയായിരുന്നു ഇവാന്‍കയുടെ കൂടിക്കാഴ്ച.

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായ ഇവാന്‍കാ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുകയാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടണുമായി മാര്‍ച്ച് അഞ്ചിനായിരുന്നു ഇവാന്‍കായുടെ കൂടിക്കാഴ്ച. വെളളിയാഴ്ചയാണ് പീറ്റര്‍ ഡട്ടണിന് കൊറോണ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഇവാന്‍കായുമായി ഡട്ടണ്‍ കൂടിക്കാഴ്ച നടത്തിയത്. 

ഇവാന്‍കയുമായി കൂടിക്കാഴ്ച നടത്തുന്ന സമയത്ത് ഡട്ടണ്‍ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു. ഇതുവരെ ഇവാന്‍കാ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമാക്കാത്ത സാഹചര്യത്തില്‍ ഒറ്റയ്ക്ക് മാറി താമസിക്കേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com