കൊറോണ: ചൈനയെ മറികടന്ന് ഇറ്റലി; ഒറ്റ ദിവസം 1000 മരണം; സ്ഥിതി ഗുരുതരം; മൃതദേഹം നീക്കം ചെയ്യാന്‍ പട്ടാളമിറങ്ങി

ഇറ്റലിയില്‍ സ്ഥിതി ഗുരുതരം. ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നില്ല
കൊറോണ: ചൈനയെ മറികടന്ന് ഇറ്റലി; ഒറ്റ ദിവസം 1000 മരണം; സ്ഥിതി ഗുരുതരം; മൃതദേഹം നീക്കം ചെയ്യാന്‍ പട്ടാളമിറങ്ങി

ബെയ്ജിങ്: കൊറോണ വൈറസ്  ബാധയെത്തുടര്‍ന്നുള്ള മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി. ചൈനയില്‍ ഇതുവരെ 3245 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ മരണം 3405 ആയി. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു. ഇറ്റലിയില്‍ സ്ഥിതി ഗുരുതരമാണ്. ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നില്ല.  മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പട്ടാളമിറങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകമാകെ രോഗികളുടെ എണ്ണം 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം മരിച്ചത് 1002 പേര്‍. ജര്‍മനി, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളില്‍ രോഗികള്‍ 10,000 കടന്നു. ഇറാനിലും സ്ഥിതി ഗുരുതരമായി തുടരുമ്പോള്‍, രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് സ്‌പെയിനും കടുത്ത പ്രതിസന്ധിയിലേക്ക്. നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളില്‍ രോഗികള്‍ 2000 കടന്നു. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും അതിര്‍ത്തികള്‍ പൂര്‍ണമായി അടയ്ക്കുകയാണ്. ദക്ഷിണാഫ്രിക്ക സിംബാബ്‌വെയുമായുള്ള അതിര്‍ത്തിയില്‍ വേലി കെട്ടുന്നു.

ബ്രിട്ടനില്‍ അരലക്ഷത്തിലേറെപ്പേര്‍ക്കു രോഗം സംശയിക്കുന്നു. ലണ്ടനില്‍ ഭൂഗര്‍ഭ ട്രെയിനുകള്‍ നിര്‍ത്തി. അടിയന്തര സേവനത്തിന് 20,000 പട്ടാളക്കാരെ നിയോഗിച്ചു. ഇന്നു സ്‌കൂളുകള്‍ അടയ്ക്കും. അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല.  ന്യൂയോര്‍ക്കില്‍ മാത്രം 3,000 രോഗികള്‍. പുറത്തിറങ്ങാതെ ലക്ഷക്കണക്കിനാളുകള്‍. കൂടുതല്‍ അടിയന്തര ധനസഹായ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

സ്‌പെയിനില്‍ 24 മണിക്കൂറില്‍ മരണനിരക്ക് 30% ഉയര്‍ന്നു. നഗരങ്ങള്‍ നിശ്ചലമാണ്. ജര്‍മ്മനിയില്‍ രോഗികളുടെ എണ്ണം 10,000 കടന്നു. ഒറ്റദിവസം 2943 പുതിയ രോഗികള്‍. സേവനത്തിനു പട്ടാളമിറങ്ങി. രണ്ടാം ലോകയുദ്ധകാലത്തിനു തുല്യമായ സ്ഥിതിയെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. 

ഇറാനില്‍ ഇന്നലെ മാത്രം 149 മരണം. രോഗം മൂലം ഓരോ 10 മിനിറ്റിലും ഒരാള്‍ വീതം മരിക്കുന്നുവെന്നും ഓരോ മണിക്കൂറിലും 50 പേര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്നുവെന്നും ആരോഗ്യ വകുപ്പ്. 

 
ലോകത്താകെ രോഗം ബാധിച്ചവര്‍  2,40,565

ഗുരുതരാവസ്ഥയിലുള്ളവര്‍ 7,184

ആകെ മരണം  9,953

നേരിയ തോതില്‍ രോഗമുള്ളവര്‍  1,35,977

രോഗം ഭേദമായവര്‍  86,681

വിവിധ രാജ്യങ്ങളിലെ സ്ഥിതി (ആകെ രോഗികള്‍, ബ്രാക്കറ്റില്‍ മരണം)

ചൈന  80,928 (3245)

ഇറ്റലി  41,035 (3405)

ഇറാന്‍  18,407 (1284) 

സ്‌പെയിന്‍  17,395 (803)

ജര്‍മനി  14,602 (44)

യുഎസ്   11,355 (171)

ഫ്രാന്‍സ്   10,995 (372)

ദക്ഷിണ കൊറിയ  8565 (91)

സ്വിറ്റ്‌സര്‍ലന്‍ഡ്   3944 (41)

ബ്രിട്ടന്‍  3269 (144)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com