പട്ടാള ട്രക്കുകളില്‍ കൊണ്ട് തള്ളുന്ന മൃതശരീരങ്ങള്‍; പ്രിയപ്പെട്ടവര്‍ക്ക് അന്ത്യ ചുംബനം പോലും നല്‍കാന്‍ കഴിയാതെ ബന്ധുക്കള്‍, ഇറ്റലിയില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോവിഡ് 19 മരണം വിതയ്ക്കുന്ന ഇറ്റലിയില്‍ നിന്ന് പുറത്തുവരുന്നത് മനുഷ്യ മനസാക്ഷി മരവിച്ചുപോകുന്ന വിവരങ്ങളാണ്
പട്ടാള ട്രക്കുകളില്‍ കൊണ്ട് തള്ളുന്ന മൃതശരീരങ്ങള്‍; പ്രിയപ്പെട്ടവര്‍ക്ക് അന്ത്യ ചുംബനം പോലും നല്‍കാന്‍ കഴിയാതെ ബന്ധുക്കള്‍, ഇറ്റലിയില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോവിഡ് 19 മരണം വിതയ്ക്കുന്ന ഇറ്റലിയില്‍ നിന്ന് പുറത്തുവരുന്നത് മനുഷ്യ മനസാക്ഷി മരവിച്ചുപോകുന്ന വിവരങ്ങളാണ്. മഹാമാരി സംഹാര താണ്ഡവമാടിയ ബെര്‍ഗാമോയില്‍ പട്ടാള ട്രക്കുകളിലാണ് മൃതശരീരങ്ങള്‍ പ്രധാന സെമിത്തേരിയില്‍ കൊണ്ട് തള്ളുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അന്ത്യ കര്‍മ്മങ്ങള്‍ക്ക് അഞ്ച് മിനിറ്റില്‍ കൂടുതല്‍ സമയം അനുവദിച്ച് നല്‍കാറില്ല. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സെമിത്തേരിയുടെ ഗേറ്റിന് അകത്തേക്ക് പ്രവേശനമില്ല. മൃതശരീരങ്ങളില്‍ പൂക്കള്‍ അര്‍പ്പിക്കാനോ അന്ത്യ ചുംബനം നല്‍കാനോ അനുവാദമില്ല. എത്തിക്കുന്ന ശരീരങ്ങള്‍ക്ക് എത്രയും വേഗം കര്‍മ്മങ്ങള്‍ നത്തി മറവ് ചെയ്യുകയാണ് പുരോഹിതര്‍. 

'ഞങ്ങള്‍ അന്ത്യ ചടങ്ങിന് അടുത്തേക്ക് പോയില്ല, പക്ഷേ അത് ഞഞങ്ങളുടെ കുടുംബത്തിലെ അവസാന ബന്ധുവായിരുന്നു...' കോവിഡ് ബാധിച്ച് മരിച്ച 82കാരന്റെ ബന്ധുവായ സ്‌റ്റെഫനോനി എന്ന സ്ത്രീ പറയുന്നു.

വളരെ വേഗത്തിലാണ് താഴ്‌വരയില്‍ വൈറസ് പടര്‍ന്നുപിടിച്ചത്. ഒരു തരത്തിലുള്ള മുന്‍കരുതലുകളും ഇവിടെ ഉണ്ടായിരുന്നില്ല. ജനുവരിയിലും ഫെബ്രുവരിയിലും മേഖലയിലെ മരണനിരക്ക് ഉയരുന്നത് ശ്രദ്ധിച്ച മൃതദേഹം സംസ്‌കരിക്കുന്ന ഏജന്‍സികള്‍ അധികൃതരെ വിവരം ധരിപ്പിച്ചിരുന്നുവെന്ന് അന്റോണിയോ എന്ന ഏജന്‍സി നടത്തിപ്പുകാരന്‍ പറയുന്നു. മാര്‍ച്ച് 1 മുതല്‍ 18 വരെ 611 മൃതദേഹങ്ങള്‍ ഇദ്ദേഹത്തിന്റെ ഏജന്‍സി സംസ്‌കരിച്ചു. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ബെര്‍ഗാമോ മേഖലയില്‍ വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 
അനൗദ്യോഗിക കണക്ക് പ്രകാരം ഇവിടെ 600പേര്‍ ഇതിനോടകം മരിച്ചു കഴിഞ്ഞു. കഴിഞ്ഞ ആഴ്ച ഇവിടെ 400പേരാണ് മരിച്ചത്. ഭൂരിഭാഗവും കൊറോണ ടെസ്റ്റ് നടത്താത്തവരാണ് എന്നത് ഭീകരാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു. 

ഫെബ്രുവരി 23മുതല്‍ പ്രദേശത്തെ റെഡ് സോണായി പ്രഖ്യാപിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് വൈറസ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകരും യൂണിയന്‍ പ്രവര്‍ത്തകരും പറയുന്നു. എന്നാല്‍ മാര്‍ച്ച് എട്ടുമുതലാണ് മേഖയില്‍ കനത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. കോവിഡ് പരിശോധന നടത്തതെയാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചിരിക്കുന്നതെന്നും അതുകൊണ്ടാണ് യഥാര്‍ത്ഥ കണക്കുകള്‍ ലഭിക്കാത്തതെന്നും മേയറുടെ വക്താവ് പറയുന്നു. 

ആദ്യ ദിനങ്ങളില്‍ വൈറസ് പ്രതിരോധത്തിന് കൃത്യമായ മാര്‍ഗങ്ങള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല. ഫെബ്രുവരി 23ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മാത്രമാണ് മേഖലയിലെ പ്രധാന ആശുപത്രിയായ പോപ് ജോണ്‍ ഹോസ്പിറ്റലില്‍ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com