ജനങ്ങളെ സുരക്ഷിതരാക്കാൻ; സാനിറ്റൈസർ നിർമാണവുമായി വൻകിട മദ്യക്കമ്പനികളും

ജനങ്ങളെ സുരക്ഷിതരാക്കാൻ; സാനിറ്റൈസർ നിർമാണവുമായി വൻകിട മദ്യക്കമ്പനികളും
ജനങ്ങളെ സുരക്ഷിതരാക്കാൻ; സാനിറ്റൈസർ നിർമാണവുമായി വൻകിട മദ്യക്കമ്പനികളും

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഹാൻഡ് സാനിറ്റൈസറുകൾക്ക് കടുത്ത ക്ഷാമമാണ് ലോകത്തിന്റെ പല ഭാ​ഗത്തും നേരിടുന്നത്. ഈ ക്ഷാമത്തിന് പരിഹാരവുമായി രം​ഗത്തെത്തിയിരിക്കുകയാണ് യൂറോപ്പിലെ പ്രസിദ്ധ മദ്യ നിർമാണ് കമ്പനികൾ. യൂറോപ്പിലെ മദ്യ നിര്‍മാണ ശാലകളില്‍ ഇപ്പോൾ നിര്‍മിക്കുന്നത് സാനിറ്റൈസറുകള്‍. കൈകള്‍ ശുചീകരിക്കുന്നതിന് ആവശ്യമായ സാനിറ്റൈസറുകളുടെ ആവശ്യം വര്‍ധിക്കുകയും അവ ലഭ്യമല്ലാതാകുകയും ചെയ്തതോടെയാണ് കമ്പനികള്‍ ഇതിലേയ്ക്ക് തിരിഞ്ഞത്.

ബ്ര്യൂഡോഗ്, ലെയ്ത്ത് ജിന്‍, വെര്‍ഡന്റ് സ്പിരിറ്റ്‌സ്, പെര്‍നോഡ് റിക്കാര്‍ഡ് തുടങ്ങിയ പ്രശസ്ത മദ്യ നിര്‍മാണ കമ്പനികളൊക്കെ ഹാന്‍ഡ് സാനിറ്റൈസറുകളുടെ നിര്‍മാണം വന്‍തോതില്‍ നടത്തുന്നതായി വി​ദേശ മാധ്യമങ്ങള‌ാണ് റിപ്പോർട്ട് ചെയ്തത്. സ്‌കോട്ട്‌ലന്‍ഡിലെ തങ്ങളുടെ ബ്ര്യൂവറിയില്‍ സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചതായി ബ്ര്യൂഡോഗ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കഴിയുന്നത്ര ജനങ്ങളെ സുരക്ഷിതരാക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്നും കമ്പനി ട്വീറ്റില്‍ പറയുന്നു.

മറ്റൊരു സ്‌കോട്ട്‌ലന്‍ഡ് കമ്പനിയായ ലെയ്ത്ത് ജിന്‍ മദ്യ നിര്‍മാണം നിര്‍ത്തുകയും ശക്തിയേറിയ ഹാന്‍ഡ് സാനിറ്റൈസറുകളുടെ നിര്‍മാണത്തിലേക്ക് കടക്കുകയും ചെയ്തതായി ട്വിറ്ററില്‍ പ്രസ്താവിച്ചിരുന്നു. 

സാനിറ്റൈസറുകള്‍ നിറയ്ക്കുന്നതിനുള്ള കുപ്പികള്‍ സംഭാവനയായി നല്‍കാനും കമ്പനി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ പെര്‍നോഡ് റിക്കാര്‍ഡ് എന്ന കമ്പനി സാനിറ്റൈസര്‍ നിര്‍മാണത്തിനായി 70,000 ലിറ്റര്‍ ആല്‍ക്കഹോള്‍ സംഭാവന നല്‍കി.

ബ്ര്യൂവറികള്‍ കൂടാതെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനികളും ശുചീകരണത്തിനാവശ്യമായ വസ്തുക്കളുടെ നിര്‍മാണത്തിലേയ്ക്ക് തിരിഞ്ഞിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച്‌ കമ്പനിയായ എല്‍വിഎംഎച്ച് തങ്ങളുടെ കമ്പനിയില്‍ വന്‍തോതില്‍ ഹൈഡ്രോക്ലോറിക് ജെല്‍ നിര്‍മാണത്തിലേയ്ക്ക് കടന്നതായി പ്രഖ്യാപിച്ചിരുന്നു. 

പെര്‍ഫ്യൂമുകളും മേക്ക് അപ് വസ്തുക്കളും നിര്‍മിക്കുന്ന ക്രിസ്റ്റ്യന്‍ ഡോയര്‍ ജിവെന്‍ചി തുടങ്ങിയ കമ്പനികളും തിങ്കളാഴ്ച മുതല്‍ സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇത് സൗജന്യമായി ഫ്രാന്‍സിലെ ആരോഗ്യ വകുപ്പിന് കൈമാറുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com