ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി; മലയാളികള്‍ മരിച്ചു, ലൊക്കേഷന്‍ മാപ്പ് അയച്ചുകൊടുത്തിട്ടും രക്ഷിക്കാനായില്ല

ഒമാനില്‍ കാറ് മലവെള്ളപാച്ചിലില്‍ കാണാതായ മലയാളികളുടെ മൃതശരീരങ്ങള്‍ കണ്ടെത്തി
ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി; മലയാളികള്‍ മരിച്ചു, ലൊക്കേഷന്‍ മാപ്പ് അയച്ചുകൊടുത്തിട്ടും രക്ഷിക്കാനായില്ല

മസ്‌കറ്റ്: ഒമാനില്‍ കാറ് മലവെള്ളപാച്ചിലില്‍പ്പെട്ട് കാണാതായ മലയാളികളുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍ നിന്ന് 250 കിലോമീറ്ററോളം അകലെയാണ് മലവെള്ളപാച്ചിലുണ്ടായത്. കണ്ണൂര്‍ തലശേരി എരഞ്ഞോളി സ്വദേശി ബിജീഷ്, കൊല്ലം സ്വദേശി സുജിത്ത് എന്നിവരാണ് മരിച്ചത്. വാഹനം ഒഴുക്കില്‍ പെട്ട സ്ഥലത്ത് നിന്ന് അല്‍പം അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സിവില്‍ ഡിഫന്‍സിന് ഒപ്പം മലയാളി സാമൂഹിക പ്രവര്‍ത്തകരും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 ഇബ്രിക്കടുത്ത് അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരുകയായിരുന്നു ഇരുവരും. അമല എന്ന സ്ഥലത്തെ ഇവരുടെ മറ്റൊരു കടയിലേക്ക് പോകുന്നതിനിടെയാണ് ഇവരുടെ വാഹനം ഒഴുക്കില്‍ പെട്ടത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ഒഴുക്കില്‍ പെട്ട വാഹനത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ സുഹൃത്തിനെ വിളിക്കുകയും മാപ്പ് അടക്കം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെടുകയും രാത്രി തന്നെ തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. രാത്രി തന്നെ ഇരുവരും സഞ്ചരിച്ച വാഹനം കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിച്ച് വൈകാതെ ബിജീഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെയാണ് കുറച്ചുകൂടി ദൂരെ നിന്ന് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. 

ന്യൂനമര്‍ദത്തെ തുടര്‍ന്ന് വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. മഴയെ തുടര്‍ന്ന് ഇബ്രിയിലും പരിസരത്തും വലിയ മവവെള്ളപ്പാച്ചിലായിരുന്നു അനുഭവപ്പെട്ടത്. ഇരുവരും അപകടത്തില്‍ പെട്ട വാര്‍ത്തയറിഞ്ഞ് ഞായറാഴ്?ച രാത്രി അന്വേഷിക്കാന്‍ പോയ കൊല്ലം സ്വദേശി അനീഷിന്റെ വാഹനം മറ്റൊരു വെള്ളക്കെട്ടില്‍ അപകടത്തില്‍ പെട്ടിരുന്നു. വാഹനം തകരാറിലായെങ്കിലും ആള്‍ രക്ഷപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com