കയ്യില്‍ കാസ്‌ട്രോയുടെ ചിത്രം; ഇറ്റലിയില്‍ പോരാട്ടത്തിനിറങ്ങി ക്യൂബയുടെ 'റെവല്യൂഷനറി ഡോക്ടര്‍മാര്‍'

കയ്യില്‍ കാസ്‌ട്രോയുടെ ചിത്രം; ഇറ്റലിയില്‍ പോരാട്ടത്തിനിറങ്ങി ക്യൂബയുടെ 'റെവല്യൂഷനറി ഡോക്ടര്‍മാര്‍'

ഇറ്റലിയില്‍ കോവിഡ് 19നോട് പൊരുതാന്‍ ക്യൂബയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവകര്‍ത്തകരുടെ സംഘമെത്തി.

റ്റലിയില്‍ കോവിഡ് 19നോട് പൊരുതാന്‍ ക്യൂബയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവകര്‍ത്തകരുടെ സംഘമെത്തി. ഇറ്റലിയില്‍ കോവിഡ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച ലംബാര്‍ഡി മേഖലയിലാണ് അഭ്യര്‍ത്ഥന മാനിച്ച് ക്യൂബന്‍ സംഘം പ്രവര്‍ത്തിക്കുന്നത്. 

കോവിഡിനെ നേരിടാന്‍ ക്യൂബ മെഡിക്കല്‍ സംഘത്തെ അയക്കുന്ന ആറാമത്തെ രാഷ്ട്രമാണ് ഇറ്റലി. വെനസ്വേല, നിക്കരാഗ്വ, ജമൈക്ക, ഗ്രനാഡ, സുറിനാം എന്നിവിടങ്ങളില്‍ നേരത്തെ മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു. 

'ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭയമുണ്ട്. എന്നാല്‍ വിപ്ലവകരമായ ചുമതല നിറവേറ്റേണ്ടതുണ്ട്. അതിനായി ഭയത്തെ ഒരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തുകയാണ്' ക്യൂബന്‍ സംഘത്തിലെ ഇന്റന്‍സീവ് കെയര്‍ സ്‌പെഷലിസ്റ്റ് ലിയോണാര്‍ഡോ ഫെര്‍ണാണ്ടസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

ഞങ്ങള്‍ സൂപ്പര്‍ ഹീറോകളല്ല, റെവല്യൂഷനറി ഡോക്ടര്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റലിയിലെ ക്ഷേമകാര്യ വിഭാഗം തലവന്‍ ഗിലിയോ ഗലേറയാണു ചികിത്സയ്ക്കായി ക്യൂബയുടെ സഹായം ആവശ്യപ്പെട്ടത്. 

ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുള്ള രാജ്യങ്ങളിലൊന്നാണ് ക്യൂബ. 1959ലെ വിപ്ലവത്തിന് ശേഷം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് ക്യൂബ ആരോഗ്യ പ്രവര്‍ത്തകരെ അയക്കാറുണ്ട്. 155പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നാണ് ക്യൂബയിലെ ഡോക്ടര്‍-പേഷ്യന്റ് അനുപാതം. 

2010ല്‍ ഹെയ്തിയില്‍ കോളറ ബാധിച്ചപ്പോഴും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ബാധിച്ചപ്പോഴും അതിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിന്നത് ക്യൂബയായിരുന്നു. ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ ഇറ്റലിയിലേക്ക് സോഷ്യലിസ്റ്റ് രാജ്യമായ ക്യൂബ ആദ്യമായാണ് മെഡിക്കല്‍ സംഘത്തെ അയക്കുന്നത്.

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കരീബിയന്‍ രാജ്യങ്ങളൊന്നും അടുപ്പിക്കാതിരുന്ന ബ്രിട്ടിഷ് കപ്പലിന് ക്യൂബയില്‍ പ്രവേശനം അനുവദിച്ചിരുന്നു. അമേരിക്കയ്‌ക്കൊപ്പം ശത്രുപക്ഷത്തായിരുന്ന ബ്രിട്ടന്റെ കപ്പലിന് രാജ്യത്ത് അടുപ്പിക്കാന്‍ അനുമതി നല്‍കിയ ക്യൂബയുടെ നടപടി വലിയ പ്രശംസ നേടിയിരുന്നു. 

വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്വന്തം നാട്ടിലും കൊറോണ വൈറസിനെതിരായ പ്രതിരോധം ഊര്‍ജിതമാക്കിയിരിക്കുകയാണ് ക്യൂബ. നിലവില്‍ 25കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അതിര്‍ത്തികള്‍ അടയ്ക്കുകയാണ്.  മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും ഓരോ വീടുകളും കയറിയിറങ്ങിയാണ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com