കുമിഞ്ഞുകൂടി മൃതദേഹങ്ങള്‍, ഐസ് ഹോക്കി സ്‌റ്റേഡിയം മോര്‍ച്ചറിയാക്കി ;   5400 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് , വിറങ്ങലിച്ച് സ്‌പെയിന്‍

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ചൈനയേയും മറികടന്നിരിക്കുകയാണ്  സ്‌പെയിന്‍
കുമിഞ്ഞുകൂടി മൃതദേഹങ്ങള്‍, ഐസ് ഹോക്കി സ്‌റ്റേഡിയം മോര്‍ച്ചറിയാക്കി ;   5400 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് , വിറങ്ങലിച്ച് സ്‌പെയിന്‍

മാഡ്രിഡ് : കോവിഡ് രോഗബാധ മൂലം വിറങ്ങലിച്ചു നില്‍ക്കുകയാണ് സ്‌പെയിന്‍. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ആശുപത്രികളിലും വൃദ്ധമന്ദിരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ പോലും കോവിഡ് പിടിപെട്ടു മരിക്കുന്ന സ്ഥിതിയിലാണ്. സാധാരണക്കാര്‍ ഭീതിയോടെ വീടുകളില്‍ കഴിയുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തി ലോക്ക് ഡൗണ്‍ ഏപ്രില്‍ 14വരെ നീട്ടി.

നിരത്തുകളില്‍ പരിശോധനകള്‍ക്കായി സൈന്യം ഇറങ്ങി. ഓരോ വാഹനവും അവര്‍ തടയുന്നു. ആരെയും എങ്ങോട്ടും വിടുന്നില്ല. ജനങ്ങല്‍ കഴിയുന്നത്ര വീടുകളില്‍ തന്നെ കഴിയാന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കുന്നു. രോഗികള്‍ നിറയുന്നതോടെ, ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. 

മരിച്ചവരുടെ എണ്ണം പെരുകിയതോടെ തലസ്ഥാനമായ മാഡ്രിഡിലെ ഒരു ഐസ് ഹോക്കി സ്‌റ്റേഡിയം മോര്‍ച്ചറിയാക്കി മാറ്റി. ആദ്യം മഡ്രിഡിലായിരുന്നു രോഗം കൂടുതലെങ്കില്‍ ഇപ്പോള്‍ രാജ്യം മുഴുവനും കൊറോണ വൈറസിന്റെ പിടിയിലാണ്. രോഗം ഉത്ഭവിച്ച ചൈനയേയും മറികടന്നു സ്‌പെയിനിലെ മരണനിരക്ക്. 

സ്‌പെയിനില്‍ ഇന്നലെ മാത്രം 443 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് കോവിഡ് മരണം 3434 ആയി. ചൈനയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 3285 പേരാണ്. സ്‌പെയിനില്‍ 27000 പേര്‍ രോഗം ബാധിച്ച് ചികില്‍സയിലുണ്ട്. സ്‌പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാല്‍വോയ്ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 5400 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായും സ്ഥിതി അതീവ ഗുരുതരമാണെന്നും സ്പാനിഷ് ഹെല്‍ത്ത് എമര്‍ജന്‍സി കോര്‍ഡിനേഷന്‍ സെന്റര്‍ മേധാവി ഫെര്‍ണാണ്ടോ സിമോണ്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com